‘4 ഇയേർസ്’ ട്രെയിലറിന് രണ്ടര മില്യൺ ആസ്വാദകർ; രഞ്‌ജിത്ത് ശങ്കർ ചിത്രം നവംബർ 25ന്

ചുരുക്കം സിനിമകൾ കൊണ്ട് യുവതാരനിരയിൽ ശ്രദ്ധേയനായി മാറിയ സർജാനോ ഖാലിദും കണ്ണിറുക്കുന്ന ഒറ്റ ഷോട്ട് കൊണ്ട് ശ്രദ്ധേയമായി മാറുകയും തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ വളരുകയും ചെയ്‌ത പ്രിയവാര്യരുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.

By Central Desk, Malabar News
2.5 million views for Ranjith Shankar's '4 Years' movie trailer
Ajwa Travels

മലയാളത്തിലെ എക്കാലത്തെയും ക്യാംപസ് ‘ഹിറ്റ്’ ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ 2006ലെ ക്‌ളാസ്‌മേറ്റ്സ്‌, 2015ലെ പ്രേമം എന്നിവ പോലെ ഹിറ്റുകളുടെ പട്ടികയിൽ സ്‌ഥാനം പിടിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് രഞ്‌ജിത്ത് ശങ്കറിന്റെ ‘4 ഇയേർസ്’.

അതിതാര പരിവേഷമുള്ള നായകനോ നായികയോ ഇല്ലാത്ത ചിത്രത്തിന്റെ ട്രെയിലർ കണ്ടത് രണ്ടര മില്യനോളം ആസ്വാദകരാണെന്നത് രഞ്‌ജിത്ത് ശങ്കർ എന്ന ക്രാഫ്റ്റ് മാന്റെ വിപണിയിലെ ബ്രാൻഡ് ട്രസ്‌റ്റ് ആണ് പ്രകടമാക്കുന്നത്. സോണി മ്യൂസിക്‌സ് പുറത്തിറക്കിയ ‘4 ഇയേർസ്’ ട്രെയിലർ വെറും നൂറുമണിക്കൂറുകൾ പിന്നിടുമ്പോഴാണ്‌ 25 ലക്ഷത്തോളം പ്രേക്ഷകർ ആസ്വദിച്ചത്.

ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ മുതൽ യുവസമൂഹം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം, അതിന്റെ ട്രെയിലറും വലിയ സ്വീകാര്യത നേടിയതോടെ വിജയപ്രതീക്ഷ ഉറപ്പിക്കുന്നുണ്ട്. കലാലയ സിനിമാസ്വാദകരുടെ ഹൃദയതാളമാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിൽ വിശാൽ എന്ന കഥാപാത്രമായി യുവനടൻ സർജാനോ ഖാലിദും ഗായത്രിയായി പ്രിയ വാര്യരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രമേയത്തിലും ആഖ്യാനത്തിലും അവതരണരീതിയിലും വേറിട്ട വഴികൾ തിരഞ്ഞെടുത്തിട്ടുള്ള സംവിധായകരിൽ പ്രമുഖനായ രഞ്‌ജിത്ത് ശങ്കറാണ് ‘4 ഇയേർസ്’ സംവിധായകൻ എന്നതാണ് യുവസമൂഹത്തിന് ഇത്രയേറെ പ്രതീക്ഷയേകുന്നത്.

2009ലെ പാസഞ്ചർ മുതൽ അർജുനൻ സാക്ഷി, പുണ്യാളൻ അഗർബത്തീസ്, പ്രേതം, ഞാൻ മേരിക്കുട്ടി തുടങ്ങി കലയുടെ രുചിയെ പാകത്തിൽ ചേർത്തവതരിപ്പിച്ച 13 ചിത്രങ്ങൾക്ക് ശേഷമാണ് രഞ്‌ജിത്ത് ശങ്കർ ‘4 ഇയേർസ്’ ഒരുക്കുന്നതെന്നത് പ്രേക്ഷകർക്കും അതേസമയം തിയേറ്റർ ഇൻഡസ്ട്രിക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്.

2.5 million views for Ranjith Shankar's '4 Years' movie trailer
രഞ്‌ജിത്ത് ശങ്കർ

കലാലയജീവിതവും പ്രണയവും പ്രമേയമാക്കി രഞ്‌ജിത്ത് ശങ്കർ ഒരുക്കുന്ന ആദ്യചിത്രം കൂടിയാണ് ‘4 ഇയേർസ്’. നമ്മൾ, നിറം, പ്രണയവർണങ്ങൾ, ചോക്ളേറ്റ് തുടങ്ങി ഒട്ടനേകം മുഴുനീള ക്യാംപസ് പ്രണയ ചിത്രം മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. അതിനെയെല്ലാം അതിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം തിയേറ്ററുകൾ വഴിയാണ് നവംബർ 25ന് റിലീസ് ചെയ്യുന്നത്.

സർജാനോ ഖാലിദ്

Sarjano Khalid _ 4 Years malayalam movie

മലയാളികൾക്ക് സുപരിചിതനായി തുടങ്ങിയ സർജാനോ ഖാലിദ് ചെയ്‌ത വേഷങ്ങളിൽ ഏറ്റവും മനോഹരമായ വേഷമായിരുന്നു 2019ൽ പുറത്തിറങ്ങിയ ‘ജൂൺ’ സിനിമയിലെ നോയൽ എന്ന കഥാപാത്രം. ശേഷം, സിദ്ദിഖ് സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രമായ ബിഗ് ബ്രദറിലെ മനു എന്ന കഥാപാത്രം, വിക്രമിന്റെ കോബ്രയിലെ വേഷം, സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്‌ത ‘എന്നിവർ’ സിനിമയിലെ അനന്തു എന്ന കഥാപാത്രമൊക്കെ സർജാനോയുടെ സാധ്യതകൾ പ്രേക്ഷകർക്ക് കാണിച്ചുനൽകിയ ചിത്രങ്ങളാണ്.

രഞ്‌ജിത്ത് ശങ്കർ ഒരഭിമുഖത്തിൽ സർജാനോയുടെ മൂന്നു നാലുമാസത്തെ തയാറെടുപ്പുകൾ നടത്താൻ കാണിച്ച താൽപര്യവും ചിത്രീകരണം തുടങ്ങിയത് മുതൽ കാണിച്ച സമർപ്പണവും എടുത്തു പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ അന്തർദേശീയ ഫിലിം ഫെസ്‌റ്റിവലായ IFFKയിൽ കണ്ട ‘എന്നിവർ’ എന്ന സിനിമയിലെ പെർഫോമൻസാണ് സർജാനോയിലെ നടനെ തന്നിലേക്ക് അടുപ്പിച്ചതെന്നും രഞ്‌ജിത്ത് ശങ്കർ ഈ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പ്രിയ വാര്യർ

Priya Varrier _ 4 Years malayalam movie

2019ൽ പുറത്തിറങ്ങിയ ‘ഒരു അഡാർ ലൗ, സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലെ പുരികം കൊണ്ടും കണ്ണുകൊണ്ടും ഉള്ള അഭിനയത്തിലൂടെ അന്തർദേശീയ തലത്തിൽപോലും ശ്രദ്ധിക്കപ്പെട്ട നടിയാണ് പ്രിയ വാര്യർ. ഈ ചിത്രത്തിലെ കണ്ണിറുക്കുന്ന ഒറ്റ ഷോട്ട് കൊണ്ട്, 2019ൽ ഒന്നരമാസത്തോളം ഗൂഗിൾ ഇന്ത്യയിൽ ഏറ്റവുമധികം പേർ തിരഞ്ഞ വ്യക്‌തിയായി മാറിയിരുന്നു പ്രിയവാര്യർ.

തൃശൂർ പൂങ്കുന്നം സ്വദേശിനിയായ പ്രിയ പിന്നീട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി പത്തോളം ചിത്രങ്ങൾ ചെയ്‌തെങ്കിലും മലയാളത്തിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തിട്ടില്ല. കോവിഡ് ഇടവേളക്ക് ശേഷം പ്രിയ വാര്യരുടെ മലയാളത്തിലേക്കുള്ള ശക്‌തമായ തിരിച്ചുവരവ് കൂടിയായിരിക്കും ‘4 ഇയേർസ്’.

4 Years Malayalam movie

പിന്നണിയിലെ പ്രമുഖർ

സംഗീത പ്രാധാന്യമുള്ള ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കർ ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്‌ജിത്ത് ശങ്കർ എന്നിവരാണ്.

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്‌ജിത്ത് ശങ്കർ തന്നെയാണ് നിർമാണം. 2 പെണ്‍കുട്ടികള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്, ഫ്രീഡം ഫൈറ്റ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഉൾപ്പടെ നിരവധി സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച സാലു കെ തോമസാണ് ഡയറക്‌ടർ ഓഫ് ഫോട്ടോഗ്രാഫി ചെയ്യുന്നത്.

Salu K Thomas _ 4 Years Malayalam movie
സാലു കെ തോമസ്

എഡിറ്റർ സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്‌സ് തപസ് നായക്, മേക്കപ്പ് റോണക്‌സ് സേവിയർ, വസ്‌ത്രാലങ്കാരം രമ്യ സുരേഷ്, ആർട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, സഹസംവിധായകൻ എസ്. അനൂപ് മോഹൻ, സഹ ഛായാഗ്രഹണം ഹുസൈൻ ഹംസ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്‌റ്റിൽസ് സജിൻ ശ്രീ എന്നിവരാണ്.

Most Read: രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE