കോഴിക്കോട്: 36 ഗ്രാമോളം വരുന്ന എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി നൈജിലാണ് പിടിയിലായത്. മിംസ് ഹോസ്‌പിറ്റലിന് സമീപത്തെ ലോഡ്‌ജിൽ മയക്കുമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് മെഡിക്കൽ കോളേജ് എസ്ഐ ടോണി ജെ മറ്റത്തിന്റെ നേതൃത്വത്തിൽ പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
ഗോവ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് എംഡിഎംഎ നഗരത്തിൽ എത്തുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്‌തമായിട്ടുണ്ട്. ഡിജെ പാർട്ടികളിൽ പങ്കെടുക്കാൻ പോകുന്നവർ അവിടെവെച്ച് ഡ്രഗ് മാഫിയയുമായി പരിചയത്തിലാകുകയും എളുപ്പത്തിൽ പണം സമ്പാദിക്കാനായി ഏജന്റുമാരായി മാറുകയും ചെയ്യുന്നു.
കഴിഞ്ഞ മാസം കോഴിക്കോട് സിറ്റിയിൽ 3 കേസുകളിലായി 21 കിലോഗ്രാമിൽ അധികം കഞ്ചാവും 5 ഗ്രാമോളം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു. പിടികൂടിയ മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചതും മറ്റു കണ്ണികളെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Read also: പിടിവിട്ട് തീവ്രവ്യാപനം; എറണാകുളത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ