കൽപ്പറ്റ: വയനാട് ജില്ലാ കളക്‌ടറായി എ ഗീത ചുമതലയേറ്റു. ജില്ലയുടെ മുപ്പത്തിമൂന്നാമത് കളക്‌ടറായാണ് എ ഗീത ചുമതയേറ്റത്. ഇന്ന് രാവിലെ പതിനൊന്നരയോടെ കളക്റ്ററേറ്റിൽ എത്തിയ അവരെ എടിഎം എൻഐ ഷാജു, ജില്ലാ വികസന കമ്മീഷണർ ജി പ്രിയങ്ക, സബ് കളക്‌ടർ ആർ ശ്രീലക്ഷ്‌മി എന്നിവർ ചേർന്ന് സ്വീകരിച്ചു. 2014 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്‌ഥയാണ്. സംസ്‌ഥാന എൻട്രൻസ് പരീക്ഷാ കമ്മീഷണർ പദവിയിലിരിക്കെയാണ് വയനാട് ജില്ലാ കളക്‌ടറായി ചുമതലയേൽക്കുന്നത്.
ജില്ലയുടെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. കൂടാതെ, കോവിഡ് പ്രതിരോധം, വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കും. ഒപ്പം മറ്റ് പകർച്ചവ്യാധികളെ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളും വേഗത്തിലാക്കുമെന്ന് സ്‌ഥാനം ഏറ്റെടുത്ത ശേഷം കളക്‌ടർ പറഞ്ഞു. ഇതിനായി ജില്ലയിലെ മുഴുവൻ ജനങ്ങളും ഒന്നിച്ചു നിൽക്കണമെന്നും പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കൂടെ നിൽക്കുമെന്നും കളക്‌ടർ പറഞ്ഞു.
മുൻ ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുല്ല ഇന്നലെ സ്‌ഥാനമൊഴിഞ്ഞിരുന്നു. വനിതാ-ശിശു വികസന വകുപ്പ്, ലോട്ടറീസ് വകുപ്പ്, ജെൻഡർ പാർക്ക് എന്നിവയുടെ ഡയറക്‌ടർ പദവിയിലേക്കാണ് അദീലയുടെ പുതിയ നിയമനം. 2019 നവംബർ ഒമ്പതിനാണ് അദീല അബ്‌ദുല്ല വയനാട് ജില്ലാ കളക്‌ടറായി ചുതലയേറ്റത്.
Read Also: സ്വർണക്കടത്ത് സംബന്ധിച്ച് വ്യാജരേഖ; പ്രതിക്കെതിരെ വീണ്ടും കേസ്