ആട്ടം; കുടുംബത്തോടൊപ്പം തിയേറ്ററിൽ കണേണ്ട സിനിമ

എക്കാലത്തും പ്രസക്‌തമായ വിഷയത്തെ, ഏതൊരു മനുഷ്യനെയും എൻഗേജ് ചെയ്യിപ്പിക്കുന്ന സസ്‌പെൻസ് ത്രില്ലർ ആയാണ് സംവിധായകൻ ആനന്ദ് ഏകർഷി ഒരുക്കിയിരിക്കുന്നത്.

By Desk Reporter, Malabar News
Aattam Movie Malayalam Review
Ajwa Travels

സാധാരണ പ്രേക്ഷകർക്ക് സസ്‌പെന്‍സ് ഡ്രാമയായി ആസ്വദിക്കാവുന്ന സിനിമ പക്ഷെ, ഒരു ട്രെൻഡി ഫിലിം രീതിയിലല്ല രൂപീകരിച്ചിരുക്കുന്നത്. എന്നിട്ടും, സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേകജനകമായ അനുഭവത്തിലൂടെ കൂട്ടികൊണ്ടുപോകാനും അവസാനംവരെ പിടിച്ചിരുത്താനും സിനിമക്ക് സാധിക്കുന്നു.

സാധാരണ കാഴ്‌ചക്കാരെ തൃപ്‌തിപ്പെടുത്തുമ്പോഴും നിലവാരമുള്ള ബുദ്ധിജീവികൾക്ക് വിവിധ തലങ്ങളിൽ ചർച്ചക്കെടുക്കാനും സാധിക്കുന്ന രീതിയിലാണ് ‘ആട്ടം’ സൃഷ്‌ടിച്ചിരിക്കുന്നത്. രാഷ്‌ട്രീയവും സംസ്‌കാരവും പൊതുബോധവും നീതിബോധവും ഉൾപ്പടെയുള്ള മനുഷ്യ മനസിന്റെ സങ്കീർണതകൾ ഉൾപ്പടെ വിവിധ ലയറുകൾ സിനിമ പരോക്ഷമായി ചർച്ചയ്‌ക്ക്‌ എടുക്കുന്നുണ്ട്.

സിനിമയും പശ്‌ചാത്തലവും

തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നതിനു മുന്‍പ് തന്നെ ഇന്ത്യന്‍ പനോരമയുടെ ഉൽഘാടന ചിത്രമായും ജിയോ മാമി ചലച്ചിത്രോൽസവവും ഉൾപ്പടെയുള്ള നിരവധി ദേശീയ-അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്‌ത ചിത്രമാണ് ആട്ടം. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച മലയാള ചിത്രത്തിനുള്ള നാറ്റ്പാക്ക് അവാര്‍ഡും സിനിമക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ, കൊമേഴ്സ്യൽ, ആർട് സിനിമകൾക്കിടയിലുള്ള അതിർവരമ്പുകളെ സൂക്ഷ്‌മമായി കൈകാര്യം ചെയ്‌ത ‘ആട്ടം’ സാധാരണ തിയേറ്റർ പ്രേക്ഷകർക്ക് ഗംഭീരമായ ചലച്ചിത്രാനുഭവം പകർന്നു നൽകുന്നതിൽ വിജയിച്ചിട്ടുണ്ട്.

Aattam Malayalam Review

പേരു സൂചിപ്പിക്കുന്നതു പോലെ നാടകത്തെ അടിസ്‌ഥാനമാക്കിയാണ് ‘ആട്ടം’ ഒരുക്കിയിരിക്കുന്നത്. ‘അരങ്ങ്’ എന്ന നാടക ട്രൂപ്പും അതിലെ നാടകപ്രവർത്തകരുടെ ജീവിതവുമാണ് ആട്ടത്തിന്റെ കഥാ പശ്‌ചാത്തലം. നാടകത്തിനുള്ളിലെ ജീവിതവും നാടകങ്ങളും സംഘർഷങ്ങളുമാണ് സിനിമയുടെ പ്രമേയം. നാടകീയമായ അഭിനയ മൂഹുർത്തങ്ങളിലൂടെ കടന്നുപോകുമ്പോഴും സിനിമയെ സിനിമയായി നിലനിർത്തുകയും നാടകത്തിലേക്ക് വീണുപോകാതെ കയ്യടക്കത്തോടെ കഥ പറയുകയും ചെയ്യുന്ന ഡയറക്‌ടർ ബ്രില്യൻസാണ് സിനിമയുടെ സുപ്രധാന ഹൈലൈറ്റ്.

അഭിനേതാക്കളുടെ പ്രകടനം

കൊമേഴ്‌സിലെന്നോ സമാന്തര സിനിമയെന്നോ വ്യത്യാസമില്ലാതെ ശക്‌തമായ വേഷങ്ങൾ ലഭിച്ചാൽ, സൂക്ഷമാംശമുള്ള അഭിനയത്തിലൂടെ പലതലങ്ങളിലേക്ക് ഉയരാൻ ശേഷിയുള്ള അഭിനേതാവാണ് വിനയ് ഫോർട്ട്. പക്ഷെ, സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിനയ്‌ഫോർട്ടിന് പ്രകടനത്തിന്റെ പുതിയ തലങ്ങളിലേക്ക് പ്രവേശിക്കാനുള്ള കാര്യമായ അവസരം തിരക്കഥ നൽകുന്നില്ലെങ്കിലും ലഭിച്ച വേഷം തികച്ചും കയ്യടക്കത്തോടെ ചെയ്‌തിട്ടുണ്ട്‌.

Aattam Malayalam Review _ Vinay Forrt

ഫാമിലിമാൻ എന്ന വെബ് സീരീസിലൂടെയും ബി 32 മുതൽ 44 വരെ എന്ന സിനിമയിലൂടെയും തന്നിലെ സാധ്യതകൾ സിനിമാഭിനയ ലോകത്തിലേക്ക് തുറന്നുവെച്ചിട്ടുള്ള കൊല്ലം സ്വദേശി സറിൻ ഷിഹാബാണ് ആട്ടത്തിൽ സ്‌ത്രീകേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്‌റ്റേജ് ആർട്ടിസ്‌റ്റായി നല്ല അനുഭവസമ്പത്തുള്ള സറിനും ശക്‌തമായ അഭിനയ സാധ്യകളൊന്നും സിനിമക്ക് വേണ്ടി പുറത്തെടുക്കേണ്ടി വന്നിട്ടില്ല. എന്നാൽ, ലഭിച്ച വേഷം അവിസ്‌മരണീയമാക്കിയ സറിൻ ഷിഹാബ് കയ്യടി അർഹിക്കുന്നുണ്ട്.

Aattam Malayalam Review _ Zarin Shihab
Zarin Shihab (Courtesy | The IMDb Studio)

സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും ജീവനും വ്യക്‌തിത്വവും ഉണ്ടെങ്കിലും എടുത്തുപറയാവുന്ന മറ്റൊരു കേന്ദ്ര കഥാപാത്രമാണ് കലാഭവൻ ഷാജോൺ ചെയ്‌തിട്ടുള്ള വേഷം. സത്യസന്ധമായും യാഥാര്‍ഥ്യ ബോധ്യത്തോടെയും ഇദ്ദേഹവും വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്‌. തിരക്കുള്ള ഒരു സിനിമ താരമായി തന്നെയാണ് ഇദ്ദേഹം ആട്ടത്തിൽ എത്തുന്നത്. വേറെയും സുപ്രധാന വേഷം ചെയ്‌തവർ സിനിമയിൽ ഉണ്ടെങ്കിലും സിനിമാ പ്രേക്ഷകർക്കത്ര സുപരിചിതമല്ലാത്ത നാടക വേദിയിൽ നിന്നാണ് ഇവരിൽ പലരും എത്തുന്നത്.

എടുത്തു പറയാവുന്ന മറ്റൊരു പേര് നന്ദൻ ഉണ്ണിയുടേതാണ്. 2013 മുതൽ സിനിമയിൽ ഉണ്ടങ്കിലും സുപ്രധാന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിനെ സ്വാധീനിക്കാനുള്ള അവസരം ലഭിക്കാതെ പോയ നന്ദൻ ഉണ്ണി ആട്ടത്തിൽ ശ്രദ്ധേയമായ വേഷമാണ് ചെയ്‌തിരിക്കുന്നത്‌. പ്രാധാന്യമുള്ള ഈ വേഷം തികച്ചും കയ്യടക്കത്തോടെയും ജൈവികമായും അവതരിപ്പിച്ച നന്ദൻ ഉണ്ണിക്ക് ‘ആട്ടം’ മുന്നോട്ടുള്ള വഴിത്തിരിവാകും.

Nandan Unni _ Aattam Movie
നന്ദൻ ഉണ്ണി

വളരെ കുറച്ചു സിനിമകളിൽ മാത്രം മുഖം കാണിച്ചവരും ആദ്യമായി ക്യാമറയ്‌ക്ക് മുന്നിലെത്തുന്നവരുമാണ് ആട്ടത്തിലെ മറ്റുഅഭിനേതാക്കൾ. താരതമ്യേന പുതിയ അഭിനേതാക്കളാണെങ്കിലും എല്ലാവരും അവരവരുടെ വേഷങ്ങൾ മനോഹരമായി ചെയ്‌തിട്ടുണ്ട്‌. പൂർണമായും കഥയെയും തിരക്കഥയെയും അടിസ്‌ഥാനമാക്കി മൂവ് ചെയ്യുന്ന ‘ആട്ടം’ ഡയറക്‌ടർ ബ്രില്യൻസിലും മുന്നിട്ടു നിൽക്കുന്നുണ്ട്.

സംവിധായകനും പിന്നണിയും

കൈത്തഴക്കമുള്ള സംവിധാനമികവും ഇരുത്തംവന്ന തിരക്കഥാകൃത്തിന്റെ അടിത്തറയും തന്റെ ആദ്യ സിനിമയായ ആട്ടത്തിലൂടെ പ്രകടിപ്പിക്കുന്ന ആനന്ദ് ഏകർഷി മലയാള സിനിമക്ക് വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിങും രംഗരാജ് രവിയുടെ ശബ്‌ദ സംവിധാനവും അനീഷ് അനുരുദ്ധന്റെ ക്യാമറയും ബേസില്‍ സി ജെയുടെ സംഗീതവും കലയുടെ കാമ്പിനെ ഉൾക്കൊള്ളുമ്പോഴും ആസ്വാദക പക്ഷത്തേക്ക് കൂടുതൽ ചേർത്തു നിർത്തുന്നുണ്ട്.

Director Anand Ekarshi _ Aattam Movie
ആനന്ദ് ഏകർഷി

സമാന്തര സിനിമകളോടുള്ള ഭൂരിപക്ഷ ആസ്വാദകരുടെ എതിർപ്പിനെ മറികടക്കുന്ന രീതിയിലാണ് ആട്ടത്തിൽ കലയെ നെയ്‌തെടുത്തിരിക്കുന്നത്‌. പ്രൊഡക്ഷൻ ശബ്‌ദമിശ്രണം ജിക്കു എം ജോഷിയും കളർ ഗ്രേഡിംഗ് ശ്രീക് വാരിയറും സ്‌റ്റുഡിയോ ശബ്‌ദമിശ്രണം വിപിൻ നായരും നിർവഹിച്ചിരിക്കുന്നു. ബിച്ചുവാണ് അസോസിയേറ്റ് ഡയറക്‌ടർ.

വെല്ലുവിളി നിറഞ്ഞ ഈ സിനിമാസംരംഭം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയിയാണ് നിര്‍മിച്ചിരിക്കുന്നത്. അതെ, ‘ആട്ടം’ കച്ചവടവും കലയും ഒന്നിക്കുന്ന അപൂർവമായ, വെല്ലുവിളി നിറഞ്ഞ ചലച്ചിത്രാനുഭവമാണ്. തീർച്ചയായും, ഈ വര്‍ഷത്തെ ആദ്യ മലയാളം ഹിറ്റ് ആയേക്കാവുന്ന ‘ആട്ടം’ കുടുംബത്തോടൊപ്പം തിയേറ്ററിൽ കാണാവുന്ന, ആസ്വദിക്കാവുന്ന സിനിമയാണ്.

KAUTHUKA VARTHAKAL | ഗണേശ വിഗ്രഹവും കേസന്വേഷണവും ‘ജൂനിയർ മാൻഡ്രേക്ക്’ അവസ്‌ഥയും!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE