കണ്ണൂർ: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യത്തിൽ മകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കേസിലെ രണ്ടാം പ്രതിയായ മണത്തണ വളയങ്ങാടിയിലെ വെള്ളായി കടവത്തുംകണ്ടി ശ്രീധരനെയാണ് (58) പേരാവൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. മാന്തോട്ടം കോളനിക്ക് സമീപത്തെ ചേണാൽ വീട്ടിൽ ബിജുവിനെ (50) ആണ് രണ്ടാനച്‌ഛൻ മാങ്കുഴി ജോസും (67) ഇദ്ദേഹത്തിന്റെ സുഹൃത്തായ ശ്രീധരൻ എന്നിവർ ചേർന്ന് മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമിച്ചത്.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവം. ടൗണിലൂടെ ജീപ്പിൽ പോവുകയായിരുന്ന ബിജുവിനെ റോഡിൽ കല്ലുകൾ നിരത്തി തടയുകയായിരുന്നു. തുടർന്ന് മുഖത്ത് ആസിഡ് ഒഴിച്ചു. ജീപ്പിൽ നിന്ന് ഇറങ്ങി ഓടുന്നതിനിടെ ജോസ് വെട്ടുകത്തികൊണ്ട് ബിജുവിന്റെ കൈയിൽ വെട്ടുകയും ചെയ്യുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടി വന്നെങ്കിലും ബിജുവിനെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമം ജോസ് തടയുകയും ചെയ്‌തിരുന്നു.
കേസിലെ ഒന്നാം പ്രതിയും ബിജുവിന്റെ രണ്ടാനച്‌ഛനുമായ മാങ്കുഴി ജോസിനെ വെള്ളിയാഴ്‌ച തന്നെ അറസ്‌റ്റ് ചെയ്‌തിരുന്നു. വിവിധ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ കേസാണ് ഇരുവർക്കുമെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. പേരാവൂർ സർക്കിൾ ഇൻസ്‌പെക്‌ടർ എംഎൻ ബിജോയിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, കണ്ണിലും മുഖത്തും കൈക്കും പരിക്കേറ്റ ബിജു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read: പൊതുമരാമത്ത് റസ്‌റ്റ് ഹൗസിൽ മന്ത്രിയുടെ മിന്നൽ പരിശോധന; പിന്നാലെ നടപടി