ന്യൂഡെൽഹി: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പഞ്ചാബിൽ കനത്ത സുരക്ഷ ഒരുക്കുമെന്ന് ഡിജിപി. യാത്ര അടുത്ത ദിവസങ്ങളിൽ പഞ്ചാബിലേക്കും ജമ്മു കശ്‌മീരിലേക്കും പ്രവേശിക്കാനിരിക്കെയാണ് സുരക്ഷ വർധിപ്പിച്ചത്. രാഹുലിന്റെ സുരക്ഷാ ആശങ്കകൾ ഉന്നയിച്ചു കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്ത് എഴുതിയിരുന്നു.
ഇതിന് പിന്നാലെയാണ് പഞ്ചാബ് ഡിജിപിയുടെ പ്രതികരണം. ”യാത്ര സമാധാനപരമായി കടന്നുപോകുന്നതിന് സമഗ്രമായ സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്. ഏറ്റവും ഉയർന്ന പ്രൊഫഷണലിസമുള്ള പോലീസ് സേനയാണ് പഞ്ചാബ് പോലീസ്. ഞങ്ങൾ രാജസ്‌ഥാനിലേക്ക് മുൻകൂറായി ഒരു സംഘത്തെ അയച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ സുരക്ഷാ ക്രമീകരണങ്ങൾ എങ്ങനെയാണ് ചെയ്‌തതെന്നറിയാൻ ഒരു ടീമിനെ ഹരിയാനയിലേക്കും അയക്കുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെൽഹിയിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധിയുടെ സുരക്ഷക്ക് പോലീസ് വീഴ്‌ച വരുത്തിയതായി കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയുമായി സിആർപിഎഫ് സംഘം രംഗത്തെത്തുകയും ചെയ്‌തിരുന്നു. രാഹുൽഗാന്ധിക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും 2020 മുതൽ 113 തവണ അദ്ദേഹം നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും സിആർപിഎഫ് മറുപടി നൽകി.
അതേസമയം, രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിലവിൽ ഡെൽഹിയിലാണ് ഉള്ളത്. ഒമ്പത് ദിവസത്തെ വർഷാവസാന ഇടവേള എടുത്തശേഷം ജനുവരി മൂന്നിനാണ് യാത്ര ഡെൽഹിയിൽ നിന്ന് പുനരാരംഭിക്കുക. ജനുവരി ആദ്യവാരത്തോടെ യാത്ര പഞ്ചാബിൽ പ്രവേശിക്കും. സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര ഇതുവരെ ഒമ്പത് സംസ്‌ഥാനങ്ങളിലൂടെ സഞ്ചരിച്ചു.
ജനുവരി അവസാനത്തോടെ യാത്ര ജമ്മു കശ്‌മീരിൽ സമാപിക്കും. തമിഴ്‌നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, രാജസ്‌ഥാൻ, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിലെ 46 ജില്ലകളിലായി യാത്ര ഇതിനോടകം 3000 കിലോമീറ്റർ പിന്നിട്ടിട്ടുണ്ട്. ഭാരത് ജോഡോ യാത്ര അതിന്റെ 108ആം ദിവസത്തിലാണ് ഇപ്പോഴുള്ളത്.
Most Read: 60 കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും കരുതൽ ഡോസ് എടുക്കണം; മുഖ്യമന്ത്രി