ന്യൂഡെൽഹി: എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുരക്ഷ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്(സിആർപിഎഫ്) അവലോകനം ചെയ്യും. രാഹുൽ ഗാന്ധി വസതി മാറുന്ന സാഹചര്യം കണക്കിലെടുത്താണ് നീക്കം. എംപിയെന്ന നിലയിൽ രാഹുൽ താമസിക്കുന്ന തുഗ്ളക്ക് ലെയ്‌ൻ ബംഗ്ളാവ് ഒഴിയണമെന്നാണ് ഇന്നലെ ലോക്‌സഭാ ഹൗസിങ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്. ഏപ്രിൽ 22നകം ലുട്ടിയൻസ് ഡെൽഹിയിലെ ഔദ്യോഗിക ബംഗ്ളാവ് ഒഴിയാനാണ് നിർദ്ദേശം.
സിആർപിഎഫിന്റെ എഎസ്എൽ (അഡ്വാൻസ്‌ഡ് സെക്യൂരിറ്റി ലൈസൺ) കാറ്റഗറി ഇസഡ് പ്ളസ് സുരക്ഷയാണ് രാഹുലിനുള്ളത്. ഭീഷണിയെ അടിസ്‌ഥാനമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പാനലാണ് വിഐപികൾക്കുള്ള സുരക്ഷാ വിഭാഗം തീരുമാനിക്കുന്നത്. രാഹുലിന്റെ സുരക്ഷാ കവചം കുറയ്ക്കാൻ സാധ്യതയില്ല. എന്നാൽ, അദ്ദേഹം മാറുന്ന സ്‌ഥലത്തിന്റെ സുരക്ഷ ഏറ്റെടുക്കേണ്ടതുണ്ട്.
അതേസമയം, രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതികരണവുമായി അമേരിക്ക രംഗത്തെത്തി. വിഷയം നിരീക്ഷിച്ചു വരികയാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുഖ്യ ഉപ വക്‌താവ് വേദാന്ത് പട്ടേൽ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തോടൊപ്പം ജനാധിപത്യ മൂല്യങ്ങളോടുള്ള തങ്ങളുടെ പ്രതിബന്ധത ഇന്ത്യൻ സർക്കാരുമായി പങ്കുവെക്കുന്നുണ്ടെന്നും പട്ടേൽ പ്രതികരിച്ചു.
‘നിയമവാഴ്‌ചയോടുള്ള ബഹുമാനവും സ്വാതന്ത്ര്യ നീതിന്യായ വ്യവസ്‌ഥയുമാണ് ഏതൊരു ജനാധിപത്യത്തിന്റെയും മൂലക്കല്ല്. ഇന്ത്യയിലെ കോടതികളിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസുകൾ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശവും മുഖ്യഘടകങ്ങളായി കണക്കാക്കി ഇരു രാജ്യത്തെയും ജനാധിപത്യ മൂല്യങ്ങളെ ശക്‌തമാക്കാനുള്ള ശ്രമം തുടരും’- വേദാന്ത് പട്ടേൽ വ്യക്‌തമാക്കി.
Most Read: ലോക്‌സഭാ അംഗത്വം; മുഹമ്മദ് ഫൈസലിന്റെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ