ന്യൂഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്വദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എംപി സ്‌ഥാനം അയോഗ്യനാക്കപ്പെടാൻ കാരണമായ കേസിലെ ശിക്ഷ സസ്‌പെൻഡ് ചെയ്‌തതിനാൽ ലോക്‌സഭയിൽ ഹാജരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസലിന്റെ ഹരജി.
ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന മുഹമ്മദ് ഫൈസലിന്റെ ആവശ്യം ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ശിക്ഷ സസ്പെൻഡ് ചെയ്‌തിട്ടുള്ള കേരള ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നതായി ഫൈസലിനായി ഹാജരായ അഭിഭാഷകൻ മനു സിഗ്‌വി ചീഫ് ജസ്‌റ്റിസിന് മുമ്പാകെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവിനെതിരായി ലക്ഷ്വദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ സമർപ്പിച്ച ഹരജി ചൊവ്വാഴ്‌ച കെഎം ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വരുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇതോടെയാണ് ബന്ധപ്പെട്ട ഹരജിക്കൊപ്പം ഫൈസലിന്റെ ഹരജിയും പരിഗണിക്കാമെന്ന് ചീഫ് ജസ്‌റ്റിസ് സമ്മതിച്ചത്. അയോഗ്യത നീങ്ങിയിട്ടും എംപി സ്‌ഥാനം പുനഃസ്‌ഥാപിച്ചില്ലെന്ന് മുഹമ്മദ് ഫൈസൽ ഹരജിയിൽ വ്യക്‌തമാക്കുന്നു. വധശ്രമക്കേസിൽ പത്ത് വർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ലക്ഷ്വദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്.
2009 ഏപ്രിൽ 16ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പിഎം സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് കേസിലാണ് ജനുവരി 11ആം തീയതി കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ അടക്കം നാല് പ്രതികളെ ശിക്ഷിച്ചത്. പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയൊടുക്കാനുമാണ് കവരത്തി ജില്ലാ കോടതി വിധിച്ചത്.
ഇതിന് പിന്നാലെ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കുകയും ഫെബ്രുവരി 27ന് ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപി ക്കുകയും ചെയ്‌തിരുന്നു. എന്നാൽ, മേൽ കോടതിയിൽ അപ്പീലടക്കം ഇരിക്കെ ധൃതിപിടിച്ചാണ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള മുഹമ്മദ് ഫൈസലിന്റെ ഹരജി സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
ഇതോടെ ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ചതായി സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. വധശ്രമ കേസിൽ മുഹമ്മദ് ഫൈസലിനെതിരായ കവരത്തി കോടതിയുടെ കുറ്റവും ശിക്ഷയും കോടതി സ്‌റ്റേ ചെയ്‌തിരുന്നു. 15 മാസത്തേക്ക് മാത്രമായി വീണ്ടും തിരഞ്ഞെടുപ്പ് നടത്തിക്കുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുമെന്ന നിരീക്ഷണത്തോടെയായിരുന്നു വിധി.
Most Read: നാഷ്‌വില്ലെ സ്‌കൂൾ വെടിവെപ്പ്; ഹൃദയഭേദകം- കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ജോ ബൈഡൻ