വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിന് ആശ്വാസം; ശിക്ഷ നടപ്പിലാക്കുന്നത് ഹൈക്കോടതി തടഞ്ഞു

കവരത്തി സെഷൻസ് കോടതിയുടെ ഉത്തരവ് സസ്‌പെൻഡ് ചെയ്‌തുകൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ സാക്ഷിമൊഴികളിൽ വൈരുധ്യം ഇല്ലെന്നും ശക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ പ്രതികൾക്ക് ശിക്ഷ വിധിച്ചത് എന്നുമുള്ള പ്രോസിക്യൂഷൻ വാദങ്ങൾ എല്ലാം ഹൈക്കോടതി തള്ളി.

By Trainee Reporter, Malabar News
High Court
Ajwa Travels

കൊച്ചി: വധശ്രമക്കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പടെയുള്ള പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. വധശ്രമക്കേസിലെ ശിക്ഷാവിധി നടപ്പിലാക്കുന്നത് തടഞ്ഞു ജാമ്യം നൽകണമെന്ന എംപി ഉൾപ്പടെ ഉള്ളവരുടെ ഹരജിയിലാണ് നടപടി.

കുറ്റക്കാരാനാണെന്ന് കണ്ടെത്തിയതും, ശിക്ഷാവിധിയും സസ്‌പെൻഡ് ചെയ്യണമെന്നാണ് മുഹമ്മദ് ഫൈസലും കൂട്ടുപ്രതികളും കോടതിയിൽ ആവശ്യപ്പെട്ടത്. അതേസമയം, കവരത്തി സെഷൻസ് കോടതിയുടെ ഉത്തരവ് സസ്‌പെൻഡ് ചെയ്‌തുകൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ സാക്ഷിമൊഴികളിൽ വൈരുധ്യം ഇല്ലെന്നും ശക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ പ്രതികൾക്ക് ശിക്ഷ വിധിച്ചത് എന്നുമുള്ള പ്രോസിക്യൂഷൻ വാദങ്ങൾ എല്ലാം ഹൈക്കോടതി തള്ളി.

ആയുധങ്ങൾ കണ്ടെടുത്തില്ലെങ്കിലും പ്രതികൾക്ക് എതിരെ ശക്‌തമായ സാഹചര്യ തെളിവുകൾ ഉണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടില്ല. ജീവഹാനി സംഭവിക്കാൻ തക്ക മുറിവുകൾ പരാതിക്കാരന് ഉണ്ടായിരുന്നില്ലെന്നും കേസ് ഡയറിയിലടക്കം വൈരുധ്യങ്ങൾ ഉണ്ടെന്നുമായിരുന്നു മുഹമ്മദ് ഫൈസൽ ഉൾപ്പടെ നാല് പ്രതികൾ വാദിച്ചത്. ഇതോടെ, മുഹമ്മദ് ഫൈസലിന്റെ കുറ്റവും ശിക്ഷയും ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

രാഷ്‌ട്രീയത്തിൽ സംശുദ്ധി സൂക്ഷിക്കേണ്ടത് പ്രധാനമാണെന്ന് കോടതി പറഞ്ഞു. എന്നാൽ, മുഹമ്മദ് ഫൈസൽ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ വിധി സ്‌റ്റേ ചെയ്‌തില്ലെങ്കിൽ തിരഞ്ഞെടുപ്പ് സംജാതമാകുമെന്നും പെട്ടെന്നൊരു തിരഞ്ഞെടുപ്പിലേക്ക് പോകുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. പത്ത് വർഷത്തെ തടവ് ശിക്ഷ കോടതി സ്‌റ്റേ ചെയ്‌തതോടെ മുഹമ്മദ് ഫൈസൽ അടക്കം നാല് പ്രതികൾക്ക് ഉടൻ ജയിൽ മോചിതരാകാം.

2009ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പിഎം സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് കഴിഞ്ഞ 11ആം തീയതി കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ അടക്കം നാല് പ്രതികളെ ശിക്ഷിച്ചത്. പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയൊടുക്കാനുമാണ് കവരത്തി ജില്ലാ കോടതി വിധിച്ചത്. പ്രതികൾ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്.

അതേസമയം, കവരത്തി പോലീസ് ശിക്ഷ വിധിച്ചതിന് പിന്നാലെ ഫൈസലിനെ അയോഗ്യനാക്കി ഫെബ്രുവരി 27ന് തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്‌ഞാപനം ഇറക്കിയിട്ടുണ്ട്. മാത്രമല്ല, ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹരജി ഈ മാസം 27ന് സുപ്രീം കോടതി പരിഗണിക്കും.

Most Read: ബിബിസി ഡോക്യുമെന്ററി വിവാദം; പാർട്ടി ചുമതലകളിൽ നിന്ന് രാജിവെച്ച് അനിൽ ആന്റണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE