വയനാട്: കാർ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് സുൽത്താൻ ബത്തേരി പോലീസ് അറസ്‌റ്റ് ചെയ്‌ത ആദിവാസി യുവാവിന് കോടതി ജാമ്യം അനുവദിച്ചു. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഡ്രൈവിങ് അറിയാത്ത ദീപുവിനെ കാർ മോഷണക്കേസിൽ അറസ്‌റ്റ് ചെയ്‌തത് വിവാദമായിരുന്നു.
നവംബർ അഞ്ചിനാണ് ദീപുവിനെ ബത്തേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് യുവാവ് റിമാൻഡിലായിരുന്നു. ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും ഒന്നും മോഷ്‌ടിച്ചിട്ടില്ലെന്നും ജാമ്യം ലഭിച്ച ശേഷം ദീപു പറഞ്ഞു. വാഹനം ഓടിക്കാൻ പോലും അറിയില്ലെന്നും ഇന്നേവരെ കാറിൽ കയറിയില്ലെന്നും ദീപു പറഞ്ഞു. അതേസമയം, കാറിൽ ചാറിൽ നിന്നതിന് ഉടമയുമായി വാക്കുതർക്കം ഉണ്ടായെന്നും ബാക്കിയെലാം കള്ളക്കഥയാണെന്നും, പോലീസ് കസ്‌റ്റഡിയിൽ ക്രൂരമർദ്ദനം നേരിട്ടതായും കുറ്റം ഏൽക്കാനാവശ്യപ്പെട്ട് പോലീസ് വളഞ്ഞിട്ട് തല്ലിയതായും ദീപു പറഞ്ഞു.
യുവാവിനെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും നേരത്തെ പറഞ്ഞിരുന്നു. സംഭവത്തിൽ ജില്ലാ കളക്‌ടർക്ക് അടക്കം കുടുംബം പരാതി നൽകിയിരുന്നു. മീനങ്ങാടി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസുകളിലും ദീപുവിന് ജാമ്യം ലഭിച്ചിട്ടുണ്ട്. അതേസമയം, ദീപുവിനെതിരായ അതിക്രമം ആദിവാസികളോടുള്ള ചില ഉദ്യോഗസ്‌ഥരുടെ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് ആദിവാസി വനിതാ പ്രസ്‌ഥാനം നേതാവ് അമ്മിണി കെ വയനാട് പറഞ്ഞു. അതിക്രമത്തിൽ പങ്കാളികളായ പോലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Most Read: അട്ടപ്പാടി ശിശുമരണത്തിൽ പട്ടികജാതി ഗോത്രവർഗ കമ്മീഷൻ കേസെടുത്തു