കണ്ണൂർ: കോവിഡ് പോസിറ്റീവ് ആയവരെ കൊണ്ടുപോകാൻ എത്തിയ ആംബുലൻസ് തടയുകയും ഡ്രൈവറെയും നഴ്‌സിനെയും ആക്രമിക്കുകയും ചെയ്‌തതായി പരാതി. പെരിങ്ങോം പോലീസ് സ്‌റ്റേഷൻ പരിധിയിലെ സുവിശേഷപുരത്ത് ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം. കോവിഡ് പോസിറ്റീവ് ആയ ഇതര സംസ്‌ഥാന തൊഴിലാളികളെ മുണ്ടയാട് ഫസ്‌റ്റ് ലൈൻ കോവിഡ് സെന്ററിലേക്ക് കൊണ്ടുപോകാൻ വന്ന ആംബുലൻസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ അഞ്ചു പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. പാണപ്പുഴ സ്വദേശികളായ രാഹുൽ (23), ജിജേഷ് (27), കാനായിലെ കെ സുരാജ് (25), മണിയറയിലെ രഞ്‌ജിത്ത് (26), കണ്ണാടിപ്പൊയിലിലെ വിജേഷ് (30) എന്നിവരെയാണ് പെരിങ്ങോം പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
പഴയങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നെത്തിയ ആംബുലൻസ് വഴിതെറ്റി ഒലയമ്പാടിക്കടുത്ത് കണ്ണാടിപ്പൊയിൽ ഭാഗത്തേക്ക് എത്തുകയായിരുന്നു. ഇവിടെ വച്ച് വഴി തെറ്റിയത് മനസിലാക്കിയ ഡ്രൈവർ ഹെൽത്ത് ഇൻസ്‌പെക്‌ടറെ വിളിച്ച് ശരിയായ വഴി മനസിലാക്കുന്നതിനിടെ വാഹനത്തിലെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.
ആംബുലൻസ് തടഞ്ഞ സംഘം ഡ്രൈവറെയും സ്‌റ്റാഫ് നഴ്‌സിനെയും അസഭ്യം പറയുകയും ചെയ്‌തു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് സ്‌ഥലത്തെത്തിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ച വാഹനവും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Malabar News: ‘കുറ്റ്യാടിയിലെ വനഭൂമി വിട്ടുകൊടുക്കില്ല’; വനം മന്ത്രി കെ രാജു