കോഴിക്കോട്: റഷ്യൻ യുവതി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ സംഭവത്തിൽ സ്വമേധയാ കേസെടുത്തു വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷൻ ഓഫീസറോട് കമ്മീഷൻ അടിയന്തിര റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇതിനായി റഷ്യൻ ഭാഷ അറിയുന്ന ആളുകളുടെ സഹായം ഉടൻ തേടാനും കമ്മീഷൻ നിർദ്ദേശം നൽകി.
ഇൻസ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ആൺ സുഹൃത്തിനൊപ്പം ഖത്തറിൽ നിന്ന് എത്തിയ റഷ്യൻ യുവതിയെയാണ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആൺസുഹൃത്തിന്റെ ഉപദ്രവത്തെ തുടർന്ന് വീടിന്റെ ഒന്നാം നിലയിൽ നിന്ന് ചാടിയതിനെ തുടർന്നാണ് യുവതിക്ക് പരിക്കുപറ്റിയത്. ആൺസുഹൃത്തിനെ കാണാനില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.
വീട്ടിൽ പ്രശ്‌നം ഉണ്ടായതിനെ തുടർന്ന് പ്രാണരക്ഷാർഥം മുകൾ നിലയിലേക്ക് ഓടിക്കയറിയ യുവതി താഴേക്ക് ചാടുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. എന്നാൽ, റഷ്യൻ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഭാഷ അറിയുന്ന ആളുകളുടെ സഹായം തേടി ഉടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് കൂരാച്ചുണ്ട് പോലീസ് ഇൻസ്‌പെക്‌ടർ കെപി സുനിൽ കുമാർ അറിയിച്ചു.
Most Read: കള്ള് ഷാപ്പുകൾക്കും ക്‌ളാസിഫിക്കേഷൻ; സ്‌റ്റാർ പദവി നൽകാൻ തീരുമാനം