അനീഷിന്റെ കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

By Team Member, Malabar News
Aneesh
Representational image

പാലക്കാട് : ജില്ലയില്‍ ദുരഭിമാന കൊലപാതകത്തിന് ഇരയായി മരിച്ച അനീഷിന്റെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സുപ്രധാന കേസാണെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് പാലക്കാട് എസ്‌പി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎസ്‌പി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇനി അനീഷിന്റെ കൊലപാതകക്കേസ് അന്വേഷിക്കുന്നത്. ഒപ്പം തന്നെ നിലവില്‍ കസ്‌റ്റഡിയില്‍ കഴിയുന്ന അനീഷിന്റെ ഭാര്യാപിതാവിന്റെയും, അമ്മാവന്റെയും അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.

അതേസമയം തന്നെ പോലീസിനെതിരെ ആരോപണവുമായി അനീഷിന്റെ ഭാര്യ ഹരിതയും രംഗത്ത് വന്നിട്ടുണ്ട്. തങ്ങള്‍ക്ക് നേരെ ഭീഷണിയുണ്ടെന്ന് പൊലീസില്‍ അറിയിച്ചിട്ടും കൃത്യമായി ഇടപെട്ടില്ലെന്നാണ് ഹരിത ആരോപിച്ചത്. പിതാവും അമ്മാവനും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും, മൂന്ന് മാസമേ തന്റെ കഴുത്തില്‍ താലി ഉണ്ടാകൂ എന്ന് പറഞ്ഞതായും ഹരിത വ്യക്‌തമാക്കി. എന്നാല്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോള്‍ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്നാണ് പോലീസ് മറുപടി നല്‍കിയതെന്ന് ഹരിത ആരോപണം ഉന്നയിച്ചു. അനീഷിന്റെ മരണത്തിന് ഉത്തരവാദി ആയവര്‍ക്ക് ശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്നും, അനീഷിന്റെ വീട്ടില്‍ തന്നെ കഴിയുമെന്നും ഹരിത വ്യക്‌തമാക്കി.

പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം അനീഷിന്റെ മൃതദേഹം ഏഴ് മണിയോടെ ചന്ദ്രനഗര്‍ ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. രക്‌തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്. തുടക്കും കാലിനുമേറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്‌തം വാര്‍ന്നു പോകാന്‍ കാരണമായി. കഴുത്തിലും പരിക്കുകളുണ്ട്. ദുരഭിമാനക്കൊലയെന്നാണ് കൊല്ലപ്പെട്ട അനീഷിന്റെ ബന്ധുക്കൾ വ്യക്‌തമാക്കിയത്. എന്നാല്‍ കസ്‌റ്റഡിയിലായ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ദുരഭിമാനക്കൊലയെന്ന് പറയാന്‍ കഴിയൂ എന്ന് പാലക്കാട് ഡിവൈഎസ്‍പി പറഞ്ഞു.

പാലക്കാട് ജില്ലയിലെ കുഴൽമന്നം പോലീസ് സ്‌റ്റേഷൻ പരിധിയിലെ തേങ്കുറിശ്ശി മാനാംകുളത്താണ് അനീഷ് ദുരഭിമാനക്കൊലക്ക് ഇരയായത്. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അനീഷ് പുറത്തിറങ്ങാറില്ലായിരുന്നു. അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങി തുടങ്ങിയത്. സ്‌കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്ന പെൺകുട്ടിയെ അനീഷ് മൂന്ന് മാസം മുമ്പാണ് രജിസ്‌റ്റർ വിവാഹം ചെയ്‌തത്‌. കടയിലേക്ക് പോയി മടങ്ങുകയായിരുന്ന അനീഷിനെ നടുറോട്ടില്‍ വെട്ടി വീഴ്‌ത്തി. വെട്ടേറ്റു വീണ അനീഷിനെ ഏറെ നേരം മുഖത്ത് ചാക്ക് വെച്ച് ചവിട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ച ശേഷം മരണം ഉറപ്പുവരുത്തിയാണ് പ്രതികൾ മടങ്ങിയതെന്ന് ദൃക്‌സാക്ഷികൾ വ്യക്‌തമാക്കി.

Read also : ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; വെബിനാറുകൾ സംഘടിപ്പിക്കാൻ ഒരുങ്ങി ബിജെപി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE