യോഗ്യത വേണ്ട, മാസശമ്പളം ലക്ഷങ്ങൾ; പേഴ്‌സണൽ സ്‌റ്റാഫെന്ന ബമ്പർ പ്രൈസ്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളിൽ എന്ത് രാഷ്‌ട്രീയ സ്വാധീനം ഉണ്ടായിരുന്നാലും മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനം വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഏഴ് ശതമാനം ഡിഎ, പത്ത് ശതമാനം എച്ച്‌ആർഎ കൂടാതെ ചികിൽസാ ആനുകൂല്യങ്ങൾ, യാത്രാബത്ത, ക്വാർട്ടേഴ്‌സുകൾ തുടങ്ങി സർക്കാർ ഉദ്യോഗസ്‌ഥർക്ക് ലഭിക്കുന്ന ഉയർന്ന ആനുകൂല്യങ്ങൾ പേഴ്‌സണൽ സ്‌റ്റാഫുകൾക്ക് ലഭിക്കുന്നു. കൃത്യമായി യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഈ സ്‌ഥാനങ്ങൾ നേടാൻ ആവശ്യമില്ല എന്നതാണ് ഏറെ രസകരം.

മന്ത്രിമാർക്ക് യോഗ്യത നിർബന്ധമില്ല. സർക്കാർ ജീവനക്കാരുടെ ശമ്പളവിഭാഗത്തിൽ നിന്നല്ല അവർക്ക് ശമ്പളം നൽകുന്നത്. എന്നാൽ, പേഴ്‌സണൽ സ്‌റ്റാഫുകളുടെ കാര്യത്തിൽ അങ്ങനെയല്ല. ഇവർക്ക് ശമ്പളം സർക്കാർ ഹെഡിൽ നിന്നാണ്. പേഴ്‌സണൽ സ്‌റ്റാഫുകളിൽ ഏറ്റവും അധികം ശമ്പളം നൽകുന്നത് പ്രൈവറ്റ് സെക്രട്ടറിക്കും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കുമാണ്. ഇവരുടെ ശമ്പളസ്‌കെയിൽ 1,07,800- 1,60,000 ആണ്. കുറഞ്ഞ ശമ്പളം പാചകക്കാരനാണ്, ശമ്പളസ്‌കെയിൽ (23,000-50,200). ഇതിന് പുറമെയാണ് ചികിൽസാ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നത്.

പ്രൈവറ്റ് സെക്രട്ടറിക്കും അഡീഷണൽ സെക്രട്ടറിക്കും വിമാനയാത്ര വരെ സൗജന്യമാണ്. വർഷങ്ങളോളം കുത്തിയിരുന്ന് പഠിച്ച് ഐഎഎസ് നേടി വർഷങ്ങളുടെ സർവീസിലൂടെ ഡെപ്യൂട്ടി സെക്രട്ടറി പദവിയിൽ എത്തുന്ന ഉദ്യോഗസ്‌ഥരുടെ ശമ്പളത്തിന് തുല്യമാണ് ഇവരുടെ ശമ്പളം.

പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങൾക്ക് രണ്ടുവർഷവും ഒരു ദിവസവും സർവീസുണ്ടെങ്കിൽ പെൻഷൻ അർഹതയുണ്ട്. വെറും രണ്ടുവർഷം സർവീസിൽ ഇരുന്നാൽ പോലും മൂന്ന് വർഷത്തെ സർവീസ് കണക്കാക്കി ഇവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

നിലവിൽ സംസ്‌ഥാനത്തെ 21 മന്ത്രിമാരും ഒരു ചീഫ് വിപ്പും സ്വന്തം നിലയിൽ നേരിട്ട് നിയമിച്ചത് 362 പേഴ്‌സണൽ സ്‌റ്റാഫുകളെയാണ്. ഇവർക്ക് ശമ്പളമായി നൽകാൻ മാസം ആവശ്യമുള്ള കുറഞ്ഞ തുക ഏകദേശം 1.12 കോടി രൂപയാണ്. യഥാർഥ തുക ഇതിന് ഇരട്ടിയിലധികംവരും. പ്രതിപക്ഷനേതാവിന്റെ പേഴ്‌സണൽ സ്‌റ്റാഫിൽ നേരിട്ട് നിയമനം നൽകിയിട്ടുള്ളത് 14 പേർക്കാണ്.

വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് പേഴ്‌സണൽ സ്‌റ്റാഫിലേക്ക് ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെട്ട ജീവനക്കാർ വേറെയുമുണ്ട്. പ്രതിപക്ഷനേതാവിന്റെ പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങളുടെ എണ്ണം കഴിഞ്ഞവർഷത്തെ എണ്ണത്തിൽ നിജപ്പെടുത്തണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

28 പേരെ വരെ പേഴ്‌സണൽ സ്‌റ്റാഫ്‌ ആയി നിയമിക്കാമെന്നാണ് ചട്ടം. 1994ന് മുൻപ് വരെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങൾക്ക് പെൻഷൻ ആനുകൂല്യങ്ങൾ ഉണ്ടായിരുന്നില്ല. കെ കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 1994 സെപ്‌റ്റംബർ 23നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. ഇത് പ്രകാരം പരമാവധി പെൻഷൻ ലഭിക്കാൻ 30 വർഷവും കുറഞ്ഞ പെൻഷൻ ലഭിക്കാൻ മൂന്ന് വർഷമെങ്കിലും പേഴ്‌സണൽ സ്‌റ്റാഫ്‌ ആയി പ്രവർത്തിക്കണം.

അതേസമയം, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെന്ന പോലെ ഗവർണർക്കും പേഴ്‌സണൽ സ്‌റ്റാഫുകളുണ്ട്. ഇതിൽ നിയമനം നടത്തുന്നത് സർക്കാരാണ്. ഗവർണറുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ ആയി മന്ത്രിമാരുടേത് പോലെ രാഷ്‌ട്രീയ പ്രവർത്തകരെ നിയമിക്കാനാകില്ല. ഗവർണറുടെ പേഴ്‌സണൽ സ്‌റ്റാഫ് ആകുന്നവരെ പറ്റി അന്വേഷണ റിപ്പോർട്ടടക്കം പരിഗണിച്ചാണ് നിയമനം നടത്തുന്നത്. ഗവർണർ നിർദ്ദേശിക്കുന്ന ആൾക്ക് നിയമനം നൽകുന്ന രീതിയുമുണ്ട്.

ഗവർണറുടെ ഓഫിസിലെ ഭൂരിഭാഗം നിയമനങ്ങളും സർക്കാർ സർവീസിൽ നിന്നുള്ള ഡെപ്യൂട്ടേഷനാണ്. കേരള ഗവർണറിന്റെ സെക്രട്ടറിയേറ്റ്, ഹൗസ് ഹോൾഡ്, ഡിസ്‌പെൻസറി എന്നിങ്ങനെ 151 സ്‌റ്റാഫുകളാണ് നിലവിലുള്ളത്. ഹരി എസ്‌ കർത്തയുടെ നിയമനം ഉൾപ്പെടാതെയുള്ള കണക്കാണിത്. ഇതിൽ ഡെപ്യൂട്ടേഷൻ വ്യവസ്‌ഥയിൽ എത്തുന്നവർ അതിന്റെ കാലാവധി കഴിയുമ്പോൾ തിരികെ സംസ്‌ഥാന സർവീസിലേക്ക് മടങ്ങിപ്പോകും. ഇതിൽ പെടാത്ത ഹരി എസ്‌ കർത്തയുടെ അഡീഷണൽ പേഴ്‌സണൽ അസിസ്‌റ്റന്റ്‌ തസ്‌തിക ഗവർണറുടെ കാലാവധി അവസാനിക്കുമ്പോൾ മാറും.

ഇത് പുതുതായി സൃഷ്‌ടിച്ച തസ്‌തികയാണ്. ഇത്തരം സ്‌റ്റാഫ്‌ നിയമനങ്ങൾ ഗവർണറുടെ വിവേചനാധികാരമാണ്. പോലീസ് റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ഗവർണർ നിർദ്ദേശിക്കുന്ന ആളിന് സർക്കാർ നിയമനം നൽകുകയാണ് ചെയ്യുക. ഇവരുടെ ശമ്പളവും മറ്റും വഹിക്കുന്നത് സർക്കാരാണ്.

Most Read: സ്വപ്‍ന സുരേഷ്; ‘എച്ച്ആർഡിഎസ്’ വിവിധ രാഷ്‌ട്രീയ നേതാക്കൾ തണലേകുന്ന സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE