63ആം വയസിൽ ബോഡി ബിൽഡിങ്ങിൽ ‘മിസ്‌റ്റർ വേൾഡ്’ സ്വന്തമാക്കി മലയാളി

63 വയസുള്ള ഈ ചെറുപ്പക്കാരൻ 16ആം വയസിൽ കണ്ട സ്വപ്‌നമാണ് സാധ്യമാക്കിയത്. ബോഡി ബിൽഡിങ്ങിലും വെയ്റ്റ് ലിഫ്റ്റിങ്ങിലും ലോക ചാമ്പ്യൻപട്ടം നേടുന്ന ഏക വ്യക്‌തിയാണ്‌ ഡോ. പീറ്റർ ജോസഫ്.

By Trainee Reporter, Malabar News
body builder Peter Joseph
ഡോ. പീറ്റർ ജോസഫ്
Ajwa Travels

കൊച്ചി: 63ആം വയസിൽ ബോഡി ബിൽഡിങ്ങിൽ ‘മിസ്‌റ്റർ വേൾഡ് ലോക ചാമ്പ്യൻ പട്ടം’ സ്വന്തമാക്കി മലയാളിയായ ഡോ. പീറ്റർ ജോസഫ്. വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻ പട്ടത്തിന് പിന്നാലെയാണ് പീറ്റർ ജോസഫിന്റെ ഈ സ്വപ്‌ന സാക്ഷാത്ക്കാരം. ഇതോടെ മാസ്‌റ്റേഴ്‌സ് വിഭാഗത്തിൽ ബോഡി ബിൽഡിങ്ങിലും വെയ്റ്റ് ലിഫ്റ്റിങ്ങിലും ലോക ചാമ്പ്യൻ പട്ടം സ്വന്തമാക്കുന്ന ഏക വ്യക്‌തിയെന്ന പദവിയും പീറ്റർ ജോസഫ് സ്വന്തമാക്കി.

ഈ മാസം ആറുമുതൽ 11 വരെ സൗത്ത് കൊറിയയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലാണ് പീറ്റർ ജോസഫ്, മിസ്‌റ്റർ വേൾഡ് ലോക ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. പലപ്പോഴും കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടപ്പെട്ടുപോയ ഈ അംഗീകാരം പീറ്റർ നേടിയത് തന്റെ 63ആം വയസിലാണെന്നതാണ് ഒരേപോലെ കൗതുകവും അഭിമാനവും ജനിപ്പിക്കുന്നത്. നേരത്തെ രണ്ടുതവണ ലോക ചാമ്പ്യൻ പട്ടത്തിനായി മൽസരിച്ചെങ്കിലും പീറ്റർക്ക് മൂന്നാം സ്‌ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നിരുന്നു.

ഒടുവിൽ ആ മൂന്നാം സ്‌ഥാനം ഇത്തവണ സുവർണ നേട്ടമായി പീറ്റർ ജോസഫ് മാറ്റുകയായിരുന്നു. എറണാകുളം കാലടി കൊറ്റമം ഞാളിയൻ ജോസഫിന്റെ മകനായ പീറ്റർ ജോസഫ്, തന്റെ 16ആം വയസുമുതലാണ് ബോഡ് ബിൽഡിങ്ങിൽ സ്വപ്‌നങ്ങൾ നെയ്‌ത് തുടങ്ങിയത്. ചെറുപ്പം മുതലേ ശരീര സൗന്ദര്യം നിലനിർത്താൻ താൽപര്യപ്പെട്ടിരുന്ന പീറ്റർ, 16ആം വയസുമുതലാണ് ജിമ്മിൽ വർക്ക്ഔട്ട്‍ തുടങ്ങുന്നത്. കാലടി ശ്രീശങ്ക കോളേജ്, ആലുവ യുസി കോളേജ് എന്നിവിടങ്ങളിലെ പഠന കാലത്ത് ബോഡി ബിൽഡിങ്ങിലും വെയ്റ്റ് ലിഫ്റ്റിങ്ങിലും കേരള യൂണിവേഴ്‌സിറ്റി ചാമ്പ്യനായിരുന്നു.

21ആം വയസിൽ വെയ്റ്റ് ലിഫ്റ്റിൽ ദേശീയ ചാമ്പ്യൻ പട്ടവും സ്വന്തമാക്കി. 2012ൽ ബാങ്കോക്കിലും 2017ൽ ഗ്രീസിലും നടന്ന ലോക ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ പീറ്റർ ജോസഫ് കിരീട മോഹവുമായി മാറ്റുരച്ചുവെങ്കിലും മൂന്നാം സ്‌ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ശരീരത്തിന് പ്രായം ഏറിയെങ്കിലും മനസും സ്വപ്‌നവും ചെറുപ്പമായിരുന്നതിനാൽ പതറാതെ നിശ്‌ചയദാർഢ്യത്തിന്റെ അകമ്പടിയോടെ കഠിനപ്രയത്‌നവുമായി പീറ്റർ തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടർന്നു കൊണ്ടേയിരുന്നു.

ഡോ. പീറ്റർ ജോസഫ്

ആത്‌മാർഥമായ കഠിനപ്രയത്‌നം ഒരിക്കലും തോൽക്കില്ലെന്ന് തെളിയിച്ചുകൊണ്ട് ലിഫ്റ്റിങ്ങിൽ ലോക ചാമ്പ്യൻപട്ടം ജോസഫിനെ തേടിയെത്തി. 2019ൽ അമേരിക്കയിൽ നടന്ന മാസ്‌റ്റേഴ്‌സ് വിഭാഗം വെയ്റ്റ് ലിഫ്റ്റിൽ ഇന്ത്യക്കായി ഗോദയിലിറങ്ങിയ ജോസഫ് തിരികെ നാട്ടിലേക്ക് തിരിച്ചത് സ്വർണമെഡലും കഴുത്തിലണിഞ്ഞായിരുന്നു. ഇതോടെ ഇരട്ട ലോകചാമ്പ്യൻ പട്ടമെന്ന ആദ്യ കടമ്പ പീറ്റർ ജോസഫ് കടന്നു. തുടർന്ന് ബോഡി ബിൽഡിങ്ങിലും ചാമ്പ്യൻ പട്ടത്തിനുള്ള കഠിന പരിശീലനങ്ങൾ പീറ്റർ ആരംഭിച്ചു.

കാഠ്‌മണ്ഡുവിൽ നടന്ന മിസ്‌റ്റർ ഏഷ്യാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ മെഡൽ നേടിയതോടെ തന്റെ ലക്ഷ്യത്തിലേക്ക് പീറ്റർ ഒന്നു കൂടുതൽ അടുത്തു. മാസ്‌റ്റേഴ്‌സ് വിഭാഗത്തിൽ മിസ്‌റ്റർ ഏഷ്യാ പട്ടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും പീറ്റർ ജോസഫ് സ്വന്തമാക്കി. അപ്പോഴും അയാൾ തന്റെ ലക്ഷ്യം മറന്നില്ല. ഒടുവിൽ ഈ മാസം കൊറിയയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പീറ്റർ തന്റെ ചിരകാല സ്വപ്‌നവും കൈപ്പിടിയിലാക്കി.

നാല് തവണ മിസ്‌റ്റർ ഇന്ത്യയായും രണ്ടു തവണ മിസ്‌റ്റർ ഇന്ത്യൻ റെയിൽവേ എന്ന നേട്ടവും പീറ്റർ സ്വന്തമാക്കിയിട്ടുണ്ട്. 2021ൽ ഓസ്ട്രേലിയയിൽ നടന്ന മാസ്‌റ്റേഴ്‌സ് കോമൺവെൽത്ത് ഗെയിംസിലും വെയ്റ്റ് ലിഫ്റ്റിൽ ഇന്ത്യക്കായി സ്വർണമെഡൽ നേടിയിട്ടുണ്ട്. കൊവിഡിനെ തുടർന്ന് ലോകം മുഴുവൻ അടച്ചുപൂട്ടിയ സമയത്ത് മാത്രമാണ് പീറ്റർ ജോസഫിന്റെ ജിമ്മിൽ പോയുള്ള വർക്ക്ഔട്ട്‍ മുടങ്ങിയത്. തുടർന്ന് നിയന്ത്രണങ്ങൾ നീങ്ങിയതോടെ വർധിത വീര്യത്തോടെ നടത്തിയ പരിശീലനത്തിന്റെ പ്രതിഫലമായിരുന്നു പീറ്റർ ജോസഫ് നേടിയ ലോക ചാമ്പ്യൻപട്ടങ്ങളും മെഡൽ തിളക്കങ്ങളും.

body builder

റെയിൽവേ ഉദ്യോഗസ്‌ഥനായിരുന്ന പീറ്റർ ജോസഫ് 2017ൽ വിആർഎസ് എടുത്ത് മുഴുവൻ സമയവും പരിശീലനത്തിനായി മാറ്റിവെക്കുക ആയിരുന്നു. ഇതിനിടെ, കായിക പരിശീലനരംഗത്തെ തന്റെ അറിവുകൾ ഉപയോഗപ്പെടുത്തി ‘മാജിക് ജിം’ എന്ന ഉപകരണവും പീറ്റർ സ്വന്തമായി വികസിപ്പിച്ചു. സ്‌ത്രീകൾക്കും മധ്യവയസ്‌കർക്കും കായിക പരിശീലനത്തിന് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഉപകാരണമെന്ന് പീറ്റർ ജോസഫ് പറയുന്നു. തന്റെ കഠിന പരിശ്രമത്തിനൊപ്പം, ഡെർമറ്റോളജിസ്‌റ്റായ ഡോ. താജുദ്ധീന്റെ പ്രചോദനവും പിന്തുണയുമാണ് നേട്ടത്തിന് പിന്നിലെന്നും പീറ്റർ പറഞ്ഞു.

അതേസമയം, മൽസരങ്ങളിൽ നിന്ന് തൽക്കാലം പിൻമാറുകയാണെന്നും പീറ്റർ ജോസഫ് വ്യക്‌തമാക്കി. കായിക രംഗത്ത് താൻ ആർജിച്ച അറിവുകൾ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പകർന്നു നൽകുകയാണ് ഇനിയുള്ള ലക്ഷ്യം. അതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഇനി മുൻ‌തൂക്കം നൽകുകയെന്നും പീറ്റർ ജോസഫ് പറഞ്ഞു. മേരിയാണ് പീറ്റർ ജോസഫിന്റെ മാതാവ്. നൈപുണ്യ സ്‌കൂളിലെ അധ്യാപികയായ ബിസയാണ് ഭാര്യ. മരിയ (ന്യൂസിലൻഡ്), എൽസ (വിദ്യാർഥിനി, ന്യൂസിലൻഡ്), ലിയാൻ (വിദ്യാർഥി, ജർമനി) എന്നിവർ മക്കളാണ്.

WOMEN EMPOWERMENT | ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE