കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ പാര്‍ടി വിടുന്നതിനിടെ അപേക്ഷയുമായി സംസ്‌ഥാന അധ്യക്ഷന്‍. പാര്‍ടി നയങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്നും എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകന്ദ മജുംദാര്‍ അഭ്യര്‍ഥിച്ചു. ബിജെപിയുടെ റായ്‌ഗഞ്ച് എംഎല്‍എ ഇന്നലെ പാര്‍ടി വിട്ടതിന് പിന്നാലെയാണ് മജുംദാറിന്റെ പ്രതികരണം.
കേന്ദ്ര നേതൃത്വവുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മജുംദാര്‍ ബംഗാളില്‍ തിരിച്ചെത്തിയത്. നേതാക്കളുടെ കൂറുമാറ്റം അവസാനിപ്പിക്കാൻ ശ്രദ്ധ വേണമെന്ന് മജുംദാറിനോട് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചതായാണ് സൂചന. അതേസമയം പാര്‍ടി വിട്ട റായ്‌ഗഞ്ച് എംഎല്‍എ കൃഷ്‌ണ കല്യാണി സംസ്‌ഥാന-കേന്ദ്ര നേതൃത്വത്തിനെതിരെ രംഗത്തെത്തി.
റായ്‌ഗഞ്ച് എംപി ദേബശ്രീ ചൗധരി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നെന്നും തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സംസ്‌ഥാന-കേന്ദ്ര നേതൃത്വങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിട്ട കൃഷ്‌ണ തൃണമൂലില്‍ ചേരുമോയെന്ന കാര്യത്തില്‍ വ്യക്‌തതയില്ല.
Read Also: ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിന് ഒപ്പം നിന്നേനെ; പികെ കൃഷ്‌ണദാസ്