ന്യൂഡെൽഹി: അറബിക്കടലിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപർജോയ് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്‌തി പ്രാപിച്ചു വടക്ക്-കിഴക്കൻ ഭാഗത്തേക്ക് നീങ്ങുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. കർണാടക, ഗോവ, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിലെ തീരമേഖലകളിൽ അതിശക്‌തമായ മഴയും കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഗോവയിൽ നിന്ന് 690 കിലോമീറ്റർ പടിഞ്ഞാറും, മുംബൈയിൽ നിന്ന് 640 കിലോമീറ്റർ പടിഞ്ഞാറു-തെക്ക് പടിഞ്ഞാറും പോർബന്തറിൽ നിന്ന് 640 തെക്ക്-പടിഞ്ഞാറുമായിട്ടാണ് നിലവിൽ ബിപർജോയ് ഉള്ളത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണ് കാറ്റടിക്കുന്നത്. അതേസമയം, കേരളത്തിലും ഇന്ന് വ്യാപക മഴക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്. ഈ ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്. മോശം കാലാവസ്‌ഥക്കും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ബിപർജോയ് ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ ഇപ്പോൾ മഴ ലഭിക്കുന്നത്.
Most Read: പാരിസ് ഡയമണ്ട് ലീഗ്; ചരിത്രനേട്ടത്തിൽ മലയാളി താരം എം ശ്രീശങ്കർ