ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് രൂക്ഷമായി തുടരുന്ന വായു മലിനീകരണം തടയുന്നതിന് ആവശ്യമായ നടപടികൾ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ വിളിച്ച യോഗം ഇന്ന് ചേരും. ഡെൽഹിക്ക് പുറമേ യുപി, പഞ്ചാബ്, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും.
മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമെടുക്കും. നിലവിൽ ഡെൽഹിയിലെ വായു ഗുണനിലവാര സൂചിക 331ൽ എത്തി നിൽക്കുകയാണ്. വായു മലിനീകരണം തടയുന്നതിന് കേന്ദ്രസർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാനും, അടിയന്തിര തീരുമാനം എടുക്കാനും സുപ്രീം കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.
ഒക്‌ടോബർ 24 മുതല്‍ ഈ മാസം 8 വരെയുള്ള വാഹന പുകയാണ് അതിരൂക്ഷമായ വായു മലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍സ് എന്‍വയോണ്‍മെന്റ് വ്യക്‌തമാക്കുന്നത്. കൂടാതെ ദീപാവലി ആഘോഷങ്ങളെ തുടർന്ന് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് പടക്കങ്ങൾ വ്യാപകമായി ഉപയോഗിച്ചതും മലിനീകരണം രൂക്ഷമാകാൻ ഇടയാക്കി.
Read also: ആർഎസ്‌എസ് പ്രവർത്തകന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് സൂചന; അന്വേഷണം ഊർജിതമാക്കി