തൃശൂർ: കൂനൂർ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഡെൽഹിയിൽ നിന്ന് മൃതദേഹം വിട്ടു കിട്ടുന്നത് വെെകിയാൽ സംസ്‌കാരം ഞായറാഴ്‌ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സുലൂരിൽ ഇന്ന് രാവിലെ പ്രദീപിന്റെ മൃതദേഹം എത്തുമെന്നാണ് ഏറ്റവും ഒടുവിൽ കുടുംബത്തിന് ലഭിച്ച വിവരം.
ഡെൽഹിയിൽ നിന്ന് സുലൂരിൽ എത്തിച്ച ശേഷം റോഡ് മാർഗം പ്രദീപിന്റെ ജൻമനാടായ തൃശൂർ പൊന്നൂക്കരയിലേക്ക് കാെണ്ട് വരും. പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്‌കൂളിലും തുടർന്ന് വീട്ടിലും പാെതു ദർശനത്തിന് വയ്‌ക്കും. പിന്നീട് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദീപിന്റെ നാടായ പൊന്നൂക്കര. രണ്ടാഴ്‌ചമുൻപായിരുന്നു അച്ഛന് സുഖമില്ലാത്തതിനാൽ ഫ്ളൈറ്റ് ഗണ്ണറായ പ്രദീപ് അവധിക്ക് ജൻമനാട്ടിൽ എത്തിയത്. അപകട വിവരം അറിഞ്ഞ ഉടനെ സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടിരുന്നു. ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്‌റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു എ പ്രദീപ്.
Read Also: സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകുംവരെ സമരം തുടരും; പിജി ഡോക്‌ടർമാർ