തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗമടക്കമുള്ള ഡ്യൂട്ടി ബഹിഷ്‌കരിച്ച് കൊണ്ടുള്ള സമരം തുടരുമെന്ന് പിജി ഡോക്‌ടർമാർ. സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകാത്തതിനാൽ അത്യാഹിത വിഭാഗം ചികിൽസയിൽ നിന്ന് വിട്ട് നിൽക്കുന്നത് തുടരുമെന്ന് കെഎംപിജിഎ വ്യക്‌തമാക്കി.
കോവിഡ് ചികിൽസ മുടക്കില്ല. സമരം ചെയ്യുന്ന പിജി ഡോക്‌ടർമാർ ഹോസ്‌റ്റൽ ഒഴിയണമെന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സർക്കുലർ വിവാദമായതിനെ തുടർന്ന് പിൻവലിച്ചിരുന്നു. ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ നടത്തുന്ന നിൽപ് സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു.
ഡോക്‌ടർമാരും മെഡിക്കൽ വിദ്യാർഥികളും നടത്തുന്ന സമരം പിൻവലിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ വേഗത്തിൽ കൈക്കൊള്ളണമെന്ന് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ സർക്കാരിനോട് ആവശ്യപ്പെട്ടു.
സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകുകയും ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നത് വരെ സമരത്തിൽ നിന്ന് മാറ്റമില്ലെന്ന നിലപാടിലാണ് പിജി ഡോക്‌ടർമാർ. ഇനിയൊരു ചർച്ചയില്ലെന്ന് സർക്കാരും നിലപാട് എടുക്കുന്നു. സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.
Read Also: കൊല്ലത്ത് ഹാരിസൺ മലയാളം ലിമിറ്റഡ് കയ്യേറിയ ഭൂമി സർക്കാർ ഏറ്റെടുത്തു