കോവിഡ് പിടിപെട്ടാല്‍ തലച്ചോറിനേയും ബാധിച്ചേക്കും; ജര്‍മന്‍ ശാസ്‌ത്രജ്‌ഞർ

By Desk Reporter, Malabar News
Covid Effect In Brain _ Malabar News
Representational Image
Ajwa Travels

ജർമനി: ലോകത്തെ സമ്പൂർണമായും പിടിയിലൊതുക്കിയ കോവിഡ്19ൽ നടക്കുന്ന ഗവേഷണങ്ങൾ പലപ്പോഴും മനുഷ്യരാശിയെ കൂടുതൽ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് പുറത്ത് വിടുന്നത്. അത്തരത്തിലൊരു പുതിയ പഠനമാണ് ജര്‍മന്‍ ശാസ്‌ത്രജ്‌ഞർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന കോവിഡ്19 വൈറസ്‌, ചില കേസുകളിൽ മനുഷ്യന്റെ തലച്ചോറില്‍ എത്തിച്ചേരുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്.

സമാനമായ പഠന റിപ്പോർട്ടുകൾ ഇന്ത്യന്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ബയോളജി ഗവേഷകരും യേൽ യൂണിവേഴ്‌സിറ്റിയിലെ ഇമ്യൂണോളജിസ്‌റ്റ് അകികോ ഇവസാകിയും, അമേരിക്കയിലെ തന്നെ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനും യൂറോപ്യൻ ജേണൽ ഓഫ് എപ്പിലെപ്‌സിയും യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകരും മുൻപ് പുറത്ത് വിട്ടിട്ടുണ്ട്. ഇവയെ കൂടുതൽ ശരിവെക്കുന്നതാണ് ഇപ്പോള്‍ ജര്‍മന്‍ ശാസ്‌ത്രജ്‌ഞർ പുറത്ത് വിട്ട പഠനറിപ്പോർട്ട്.

മുൻപ് പുറത്തുവന്ന ഗവേഷണഫലങ്ങളിൽ നിന്നും കുറച്ചുകൂടി വ്യക്‌തമായ ശാസ്‌ത്രീയ അടിത്തറയുള്ള ഗവേഷണ റിപ്പോർട്ടാണ് ജര്‍മന്‍ ശാസ്‌ത്രജ്‌ഞർ പുറത്ത് വിട്ടത്. കൊറോണ വൈറസ് ചില മനുഷ്യ തലച്ചോറുകളിലെ ന്യൂറോണുകളെ ഘട്ടം ഘട്ടമായി ബാധിക്കുമെന്നതിനെ തെളിവു സഹിതമാണ് ഇവർ സമർഥിക്കുന്നത്.

പഠനത്തിന്റെ ഭാഗമായി, ഇതാദ്യമായി തലച്ചോറിലെത്തുന്ന കൊറോണ വൈറസ് ഘടകങ്ങളുടെ ഇലക്‌ട്രോൺ മൈക്രോസ്‌കോപ് ചിത്രങ്ങള്‍ എടുക്കുകയും ചെയ്‌തിട്ടുണ്ട്‌. എങ്കിലും, വൈറസുകള്‍ തലച്ചോറില്‍ എത്തുന്നത് എങ്ങനെയെന്നത് കൃത്യമായി വിശദീകരിക്കാൻ ഇപ്പോഴും ശാസ്‌ത്രത്തിന് ആയിട്ടില്ല.

അതിന് കൂടുതല്‍ പരീക്ഷണങ്ങളും പഠനങ്ങളും സമയവും ആവശ്യമാണെന്ന് ഇവര്‍ പറയുന്നു. ഒരു നാഡീകോശത്തില്‍ നിന്നും മറ്റൊരു നാഡീകോശത്തിലേക്ക്, അങ്ങനെയങ്ങനെ സഞ്ചരിച്ചാണ് വൈറസ് തലച്ചോറിലെത്തുന്നത് എന്നാണ് ഇതുവരെ ലഭ്യമായ വിവരങ്ങളില്‍ നിന്നും അനുമാനിക്കാവുന്നത്.

കോവിഡ് മൂലം മരണമടഞ്ഞ 33 പേരുടെ മൃതദേഹങ്ങളില്‍ ഒട്ടോപ്‌സി നടത്തിക്കൊണ്ടായിരുന്നു ജര്‍മ്മനിയിലെ ശാസ്‌ത്രജ്‌ഞർ ഈ പഠനം നടത്തിയത്. ഈ മഹാമാരി നമ്മെ വിട്ടുപോയാലും അതിന്റെ പ്രത്യാഘാതങ്ങൾ ചിലപ്പോൾ നൂറ്റാണ്ടുകൾ വരെ നില നിന്നേക്കുമെന്നാണ് ഇതുൾപ്പടെയുള്ള പല പഠനങ്ങളും ചൂണ്ടികാണിക്കുന്നത്.

ജീവിതകാലം വരെ നീണ്ടുനിൽക്കുന്ന നാഡീവ്യൂഹ സംബന്ധമായ സങ്കീര്‍ണതകള്‍ക്കും തലച്ചോറിനെ ബാധിക്കുന്ന മന്ദഗതിയിലുള്ള പ്രതികരണം, ചുഴലി പോലുള്ള പ്രശ്‌നങ്ങള്‍, സംസാരിക്കാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, മയക്കത്തിന് ശേഷം എഴുന്നേല്‍ക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ നീണ്ടുനിൽക്കുന്ന പലരോഗങ്ങൾക്കും കോവിഡ്19 കാരണമാകാമെന്ന് നിരവധി ശാസ്‌ത്രീയ പഠനങ്ങൾ മുൻപും നമ്മോട് പറഞ്ഞിട്ടുണ്ട്. ജാഗ്രത പാലിക്കുക.

Most Read: ‘രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിൻ നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല’; ആരോഗ്യ സെക്രട്ടറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE