ന്യൂഡെൽഹി: രാജ്യത്ത് ഇനി മുതൽ കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിൽ വച്ചോ, വീട്ടിൽ വച്ചോ മരണപ്പെടുന്നത് കോവിഡ് മരണമായി കണക്കാക്കും. കോവിഡ് മരണം സംബന്ധിച്ച മാർഗരേഖ കേന്ദ്രസർക്കാർ പുതുക്കിയതിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ മാർഗരേഖ പുതുക്കിയത്.
അതേസമയം കോവിഡ് ബാധിതരുടെ ആത്‌മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കോവിഡ് മരണമായി കണക്കാക്കില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേർന്നാണ് മാർഗരേഖ പുതുക്കി സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന മാർഗരേഖ പ്രകാരം കോവിഡ് സ്‌ഥിരീകരിച്ച് 25 ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിച്ചാൽ മാത്രമേ കോവിഡ് മരണമായി കണക്കാക്കുകയുള്ളൂ. ഇതാണ് ഇപ്പോൾ 30 ദിവസമാക്കി നീട്ടിയത്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവർക്ക് 4 ലക്ഷം രൂപ അടിയന്തിര സഹായമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കോടതി കേന്ദ്രത്തോട് കോവിഡ് മരണം സംബന്ധിച്ച മാർഗരേഖ പുതുക്കണമെന്ന് നിർദ്ദേശം നൽകിയത്.
Read also: കണ്ണൂരിൽ വികസന പദ്ധതികൾക്ക് മുൻഗണന നൽകും; കളക്‌ടർ