കണ്ണൂർ: കേരള-കർണാടക അതിർത്തി ചെക്ക്‌പോസ്‌റ്റായ കിളിയന്തറയിലെ ആർടിപിസിആർ പരിശോധന കേന്ദ്രം പൂട്ടി. അടച്ചിടൽ കാലത്ത് അതിർത്തി കടന്ന് എത്തുന്നവരെ പരിശോധിക്കാനും കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി സൗജന്യമായി ആർടിപിസിആറും ആന്റിജനും നടത്തിയ കേന്ദ്രമാണിത്. ഇത് പൂട്ടിയതോടെ നിലവിൽ ഉയർന്ന തുക നൽകി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സ്‌ഥിതിയിലാണ് ആളുകൾ.
കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഭീതി പരത്തുകയും, ജാഗ്രത നിർദ്ദേശവും, മുന്നറിയിപ്പും സർക്കാർ നൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യാത്രക്കാർക്ക് ഏറെ ആശ്രയമായിരുന്ന പരിശോധന കേന്ദ്രം പൂട്ടികിടക്കുന്നത്. രണ്ടാഴ്‌ച മുൻപാണ് കേന്ദ്രത്തിലെ മുഴുവൻ ജീവനക്കാരെയും ഒഴിവാക്കിയത്.
മാക്കൂട്ടം-ചുരം പാത വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് 4 മാസമായി ആർടിപിസിആർ ടെസ്‌റ്റ് റിപ്പോർട് ആവശ്യമാണ്. 72 മണിക്കൂറിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. നിലവിൽ 450-500 രൂപയാണ് ആർടിപിസിആർ പരിശോധനക്ക് സ്വകാര്യ ലാബുകളിൽ ഈടാക്കുന്നത്. കിളിയന്തറയിൽ പരിശോധന സംവിധാനം ഉണ്ടായിരുന്നതിനാൽ അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ യാത്രക്കാർക്ക് ആർടിപിസിആർ നടത്താൻ സാധിക്കുമായിരുന്നു. എന്നാൽ ഇത് പൂട്ടിയതോടെ സ്‌ഥിരം യാത്രക്കാരും വിദ്യാർഥികളും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
Read also: ഒമൈക്രോണിനെതിരെ സ്‌പുട്നിക് വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ