ചെന്നൈ: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീൽഡിന്റെ പരീക്ഷണത്തിൽ പങ്കാളിയായതിനെ തുടർന്ന് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഉണ്ടായെന്ന് ചെന്നൈ സ്വദേശി. പരീക്ഷണത്തെ തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായെന്നും അതിനാൽ 5 കോടി നഷ്‌ടപരിഹാരം നൽകണമെന്നും 40 വയസുള്ള ചെന്നൈ സ്വദേശിയായ ബിസിനസ് കൺസൾട്ടന്റ് ആവശ്യപ്പെട്ടു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്‌ഥാപനത്തിൽ നിന്ന് ഒക്‌ടോബർ 1ന് കോവിഡ് വാക്‌സിനെടുത്ത യുവാവാണ് പരാതിക്കാരൻ.
ഓക്‌സ്‌ഫഡ് സർവകലാശാല അസ്ട്രാസെനക്ക പൂനെ സിറം ഇൻസ്‌റ്റിറ്റൃൂട്ടുമായി സഹകരിച്ച് വികസിപ്പിക്കുന്ന കോവീഷീൽഡ് വാക്‌സിന്റെ നിർമാണവും വിതരണവും ഉടൻ നിർത്തി വെക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. വാക്‌സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സിറം അധികൃതർ പറഞ്ഞതിന് പിന്നാലെയാണ് വിവാദം.
Also Read: നടി ഊര്‍മിള മദോണ്ഡ്കര്‍ കോണ്‍ഗ്രസ് വിട്ട് ശിവസേനയിലേക്ക്
യുവാവിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായത് കോവിഡ് വാക്‌സിന്റെ ഫലമായാണോ എന്ന കാര്യം ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പരിശോധിച്ച് വരികയാണ്. നിലവിൽ തന്റെ ആരോഗ്യനില തൃപ്‌തികരമല്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. ദീർഘകാലം ചികിൽസ നടത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്നും യുവാവ് പറയുന്നു.