ലഖ്‌നൗ: ബിജെപി എംപി രാജ്‌വീർ സിങ് ഡെയ്‌ലർക്കെതിരെ ആരോപണവുമായി ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. രാജ്‌വീർ ഡെയ്‌ലർ കേസ് വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നും പെൺകുട്ടിയെ കൊലപ്പെടുത്തിയത് കുടുംബം തന്നെയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരന്റെ ഭാര്യ ആരോപിച്ചു.
പെൺകുട്ടിയുടെ കുടുംബം തന്നെയാണ് സംഭവത്തിലെ പ്രതികളെന്ന വിചിത്ര വാദമുന്നയിച്ച് കേസിലെ പ്രതികൾ പോലീസിന് ഒരു കത്ത് നൽകിയിരുന്നു. മുഖ്യപ്രതി സന്ദീപ് ഠാക്കൂറിന്റെ പേരിലുള്ളതായിരുന്നു കത്ത്. കേസിലെ പ്രതികളിലൊരാൾക്ക് പെൺകുട്ടിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് പോലീസ് ആരോപിച്ചതിന് ശേഷമായിരുന്നു പ്രതികളുടെ കത്ത് പുറത്തു വന്നത്. ഈ പാശ്‌ചാത്തലത്തിലാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദര ഭാര്യ ബിജെപി എംപിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
പ്രതികൾ എഴുതിയ കത്ത് മാദ്ധ്യമങ്ങളിലടക്കം ബിജെപി എംപി പ്രചരിപ്പിച്ചുവെന്ന് അവർ ആരോപിച്ചു. “ഒക്‌ടോബർ രണ്ടിന് എംപി നാല് പ്രതികളെയും ഹത്രസ് ജില്ലാ ജയിലിൽ സന്ദർശിച്ചു, അവർ എഴുതിയ ഒരു കത്ത് വാങ്ങുകയും അത് മാദ്ധ്യമങ്ങൾക്കും രജ്‌പുത് സമുദായങ്ങൾക്കിടയിലും പ്രചരിപ്പിക്കുകയും ചെയ്‌തു, ”- സഹോദരി പറഞ്ഞു.
Related News: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും
എന്നാൽ, പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം ബിജെപി എംപി നിഷേധിച്ചു. “ഞാൻ ജയിലിന്റെ സമീപത്തുകൂടെ പോകുമ്പോൾ അവിടെ ഉണ്ടായിരുന്ന ഒരാളിൽ നിന്ന് ഒരു ഫോൺകോൾ വന്നു, അങ്ങനെയാണ് ജയിലിൽ കയറിയത്. ഞാൻ ഒരു ഉദ്യോഗസ്‌ഥന്റെ ക്യാബിനിൽ ഇരുന്നു, എന്നെ വിളിച്ച ഉദ്യോഗസ്‌ഥനെ കണ്ടു. ജയിലിൽ കിടക്കുന്ന ഒരു പ്രതിയേയും ഞാൻ കണ്ടിട്ടില്ല,”- എന്നിങ്ങനെയാണ് ബിജെപി എംപിയുടെ വിശദീകരണം.
അതേസമയം, തന്റെ ഇളയ മകനും കേസിലെ ഒരു പ്രതിക്കും ഒരേ പേരാണെന്നും സഹോദരനും സഹോദരിയും തമ്മിലുള്ള ഫോൺ കോളുകൾ പ്രതിയുമായി നടത്തിയ സംഭാഷണമാണെന്ന് പോലീസും ഭരണകൂടവും ചിത്രീകരിക്കുകയാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്?
പെൺകുട്ടിയുമായി തനിക്ക് സൗഹൃദം ഉണ്ടായിരുന്നു എന്നാണ് സന്ദീപ് ഠാക്കൂറിന്റെ കത്തിൽ അവകാശപ്പെടുന്നത്. ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു എന്നും സന്ദീപ് പറഞ്ഞിരുന്നു. “അവളുടെ കുടുംബത്തിന് ഞങ്ങളുടെ സൗഹൃദത്തിൽ താൽപര്യമുണ്ടായിരുന്നില്ല. സംഭവം നടന്ന ദിവസം അവളെ കാണാനായി ഞാൻ വയലിൽ പോയിരുന്നു. അവിടെ അവളുടെ അമ്മയും സഹോദരങ്ങളും ഉണ്ടായിരുന്നു. അവൾ പറഞ്ഞതിനാൽ ഞാൻ തിരിച്ചു പോന്നു. അതിന് ശേഷം അവളെ അമ്മയും സഹോദരൻമാരും മർദ്ദിച്ചതായി ഗ്രാമീണരിൽ നിന്ന് ഞാൻ അറിഞ്ഞു. ഞാൻ അവളെ തെറ്റായി ഒന്നും ചെയ്‌തിട്ടില്ല. ഞങ്ങൾ നാലു പേരും നിരപരാധികളാണ്” – എന്നിങ്ങനെയായിരുന്നു പ്രധാനപ്രതി സന്ദീപ് കത്തിൽ അവകാശപ്പെട്ടിരുന്നത്.
Related News: പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നെന്ന പ്രതിയുടെ വാദം തള്ളി കുടുംബം