ന്യൂഡെൽഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്ന രാജ്യ തലസ്‌ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നു. ഇതിനോടകം തന്നെ ഡൽഹിയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു. 5,277 പേരാണ് നിലവിൽ ഡെൽഹിയിൽ ഡെങ്കിപ്പനി ബാധിതരായത്. കൂടാതെ 9 പേർ രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്‌തു.
രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് ഡെൽഹിയിലെ മുൻസിപ്പൽ കോർപ്പറേഷനുകളും, ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം തന്നെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ വിളിച്ച യോഗം ഇന്ന് ചേരും. യോഗത്തിൽ ഡെൽഹിക്ക് പുറമേ പഞ്ചാബ്, യുപി, ഹരിയാന, രാജസ്‌ഥാൻ എന്നീ സംസ്‌ഥാനങ്ങളും പങ്കെടുക്കും.
അന്തരീക്ഷ മലിനീകരണം തടയുന്നതിനായി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ യോഗം വിളിച്ചത്. വായുമലിനീകരണം തടയാൻ ആവശ്യമായ അടിയന്തിര നടപടികളെ കുറിച്ച് ഇന്നത്തെ യോഗം ചർച്ച ചെയ്യും.
Read also: കൽപ്പാത്തി രഥോൽസവം; ഇന്ന് സമാപനം, രഥസംഗമം ഒഴിവാക്കി