‘അത്രയേറെ ഇഷ്‌ടത്തോടെ തിരഞ്ഞെടുത്ത പ്രൊഫഷനാണ് തകർത്തത്’; ടാറ്റൂ ആർട്ടിസ്‌റ്റിന്റെ കുറിപ്പ്

By Desk Reporter, Malabar News
'Destroyed my favorite profession'; Post by Tattoo Artist
Ajwa Travels

കോഴിക്കോട്: കൊച്ചിയിൽ ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നതോടെ പ്രതിസന്ധിയിൽ ആയത് മൊത്തം ടാറ്റൂ സ്‌റ്റുഡിയോകളുമാണ്. ഒരാൾ ചെയ്‌ത തെറ്റിന്റെ പേരിൽ ആ മേഖലയെ മുഴുവൻ ആക്ഷേപിക്കുന്ന തരത്തിൽ പ്രചരിച്ച വാർത്തകളും ചർച്ചകളും, എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ച് കേരളത്തിൽ പ്രവർത്തിച്ചിരുന്ന ടാറ്റൂ സ്‌റ്റുഡിയോകളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി. ഇതോടെ ഏറെ പ്രതീക്ഷയോടെയും ഇഷ്‌ടത്തോടെയും ആരംഭിച്ച ടാറ്റൂ സ്‌റ്റുഡിയോ ഇപ്പോൾ ഒരാളുപോലും തിരിഞ്ഞുനോക്കാത്ത ഇടമായി മാറിയെന്ന് കോഴിക്കോട് ‘OWL Tattoos’ നടത്തുന്ന മുൻ മാദ്ധ്യമ പ്രവർത്തകൻ കൂടിയായ സന്ദീപ് ടിപി പറയുന്നു.

ദിവസേന കുറഞ്ഞത് മൂന്ന് പേരെങ്കിലും ടാറ്റൂ അടിക്കാൻ എത്തിയിരുന്നെങ്കിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതു വഴി ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ടാറ്റൂ പാർലറുകളെ അപ്പാടെ മോശമാക്കുന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളും സദാചാര ചർച്ചകളും തകർത്തത് തന്റെ ജീവിതോപാധിയെയും പാഷനെയുമാണെന്ന് സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു.

കഴിയുന്നതിനും അപ്പുറം ശുചിത്വ മാർഗങ്ങൾ പാലിച്ചും ആലോസരങ്ങൾ ഒഴിവാക്കിയുമാണ് ഇന്നുവരെ ഓരോ ആളുകൾക്കും ടാറ്റൂ അടിച്ചിട്ടുള്ളത്. അത് ഇനിയും തുടരുകതന്നെ ചെയ്യും. വാടകയും വൈദ്യുതി ചാർജും മെഷീൻ മെയിന്റനൻസും സ്വന്തം ചെലവും എല്ലാം കൂടെ സാമ്പത്തികമായി നേരിടുന്ന പ്രതിസന്ധിക്കപ്പുറം അത്രയും ഇഷ്‌ടത്തോടെ തിരഞ്ഞെടുത്ത മറ്റെന്തിനും അപ്പുറത്തേക്ക് പഠിക്കണമെന്നും വളർത്തിയെടുക്കണമെന്നും ആഗ്രഹിച്ച എന്റെ പ്രഫഷനാണ് ടാറ്റൂ സ്‌റ്റുഡിയോകളിൽ എത്തുന്ന സ്‌ത്രീകൾ സുരക്ഷിതരല്ലെന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളും സോഷ്യൽ മീഡിയയിലെ കുപ്രചരണങ്ങളും തകർത്തത്; സന്ദീപ് പറഞ്ഞു.

സന്ദീപിനെ പോലെ ടാറ്റൂ മേഖല തിരഞ്ഞെടുത്ത നിരവധിപേർ സമാന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;

നന്ദി എന്റെ അന്നം മുടക്കിയതിന്
ഇന്നേക്ക് ഒരുമാസമായി ഒരു വർക്ക് എങ്കിലും വന്നിട്ട്. ദിവസവും ഷോപ്പിൽ പോകും സാധനങ്ങളെല്ലാം അടുക്കിപെറുക്കി മെനയാക്കി വെക്കും ആരെങ്കിലും വരുമോ എന്നു നോക്കി രാവിലെ മുതൽ വൈകിട്ട് വരെ ഇരിപ്പ് നീളും.. കടപൂട്ടി തിരിച്ചുപോകും.

ടാറ്റൂ പാർലർ നടത്തുന്ന ഞാനിപ്പോൾ ഇങ്ങനെയാണ് എന്റെ എല്ലാ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും.. കൊച്ചിയിലെ ടാറ്റൂ പാർലറിൽ സ്‌ത്രീകൾ നേരിട്ട ലൈംഗിക അതിക്രമങ്ങൾ പുറത്തു വന്നതിന് ശേഷം എന്റെ ജീവിതം ഇങ്ങനെയാണ്. ദിവസേന കുറഞ്ഞത് മൂന്ന് പേരെങ്കിലും ടാറ്റൂ അടിക്കാൻ എത്തിയിരുന്നെങ്കിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതു വഴി ആരും തിരിഞ്ഞു നോക്കിയിട്ടില്ല…

അന്തി ചർച്ചകളിൽ ടാറ്റൂ പാർലറുകളിലെ കാമലീലകളെന്നും മഞ്ഞകലർത്തിയ വാർത്താ റിപ്പോർട്ടുകളും ആളുകളെ പിടിച്ചിരുത്താൻ അശ്ളീലം കലർത്തി ഉണ്ടാക്കിവെച്ച ഓൺലൈൻ വാർത്തകളും തകർത്തത് എന്റെ പാഷനും ജീവിതോപാധിയുമാണ്.

മുൻകൂട്ടി ബുക് ചെയ്‌തവർ പലരും ടാറ്റൂ അടിക്കുന്നതിൽ നിന്നും പിൻമാറി അന്വേഷണങ്ങൾ പോലും ഇല്ലാതായി. സദാചാര വാദങ്ങൾക്ക് ആക്കംകൂട്ടി മാദ്ധ്യമങ്ങൾ അഴിഞ്ഞാടിയപ്പോൾ ടാറ്റൂവിനെതിരായ നെഗറ്റിവ് ക്യാംപയിന് കൂടിയാണ് അത് തുടക്കമിട്ടത്. ടാറ്റൂ ആർട്ടിസ്‌റ്റുകൾ കഞ്ചാവും ലഹരിക്കാരും ലൈംഗിക അതിക്രമികളുമാണെന്ന് നിങ്ങൾ അനാവശ്യ സംവാദ വിഷയങ്ങളിലൂടെ ചാപ്പകുത്തി. ഇതുകേട്ട് എക്‌സൈസും വെറുതെ ഇരുന്നില്ല. അടഞ്ഞു കിടന്ന ഷോപ്പിൽ എത്തുകയും ഫോണിൽ ബന്ധപ്പെട്ട് മാനസികമായി തകർക്കും വിധം സംസാരിക്കുകയും ചെയ്‌തു.

എന്നാൽ കഴിയുന്നതിനും അപ്പുറം ശുചിത്വ മാർഗങ്ങൾ പാലിച്ചും ആലോസരങ്ങൾ ഒഴിവാക്കിയുമാണ് ഇന്നുവരെ ഓരോ ആളുകൾക്കും ടാറ്റൂ അടിച്ചിട്ടുള്ളത്. അത് ഇനിയും തുടരുകതന്നെ ചെയ്യും. റെന്റും കറന്റ് ചാർജും മെഷീൻ മെയിന്റനൻസും സ്വന്തം ചെലവും എല്ലാം കൂടെ സാമ്പത്തികമായി നേരിടുന്ന പ്രതിസന്ധിക്കപ്പുറം അത്രയും ഇഷ്‌ടത്തോടെ തിരഞ്ഞെടുത്ത മറ്റെന്തിനും അപ്പുറത്തേക്ക് പഠിക്കണമെന്നും വളർത്തിയെടുക്കണമെന്നും ആഗ്രഹിച്ച എന്റെ പ്രഫഷനാണ് നിങ്ങളുടെ സദാചാര കൃമികടിയിൽ ഇല്ലാണ്ടാവുന്നത്. ഞാനും നാലു കൊല്ലത്തോളം മാദ്ധ്യമ പ്രവർത്തനം ചെയ്‌തവനാണ്, നിങ്ങളീ ആർപ്പുവിളിക്കുന്ന സദാചാര വിഴുപ്പഴക്കലിൽ എവിടെയാണ് എത്തിക്‌സ്.
നന്ദി….

Most Read:  പഞ്ചനക്ഷത്ര ഹോട്ടലിലെ രാജകീയ ജീവിതം; ലിലിബെറ്റ് ഒരു വിവിഐപി തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE