ചണ്ഡീഗഡ്: ദീപാവലിക്ക് മുന്നോടിയായി ഡെൽഹിക്ക് സമീപമുള്ള 14 ജില്ലകളില്‍ പടക്കങ്ങളുടെ വില്‍പന നിരോധിച്ച് ഹരിയാന സര്‍ക്കാര്‍. ഇന്ന് പുറത്തുവിട്ട വിജ്‌ഞാപനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. ഓണ്‍ലൈന്‍ വഴിയുള്ള പടക്കങ്ങളുടെ കച്ചവടവും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
പടക്കം പൊട്ടിക്കുന്നത് ശ്വാസ സംബന്ധമായ രോഗികളെ പ്രതികൂലമായി ബാധിക്കുമെന്നും ഹോം ഐസൊലേഷനില്‍ കഴിയുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കാണിച്ചാണ് സര്‍ക്കാരിന്റെ ഈ നടപടി. ഹരിത ട്രിബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും വിധി ഉദ്ധരിച്ചാണ് സര്‍ക്കാര്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ഭിവാനി, ഛര്‍ഖി, ഫരീദാബാദ്, ഗുരുഗ്രാം, ജജാര്‍, ജിന്ദ്, കര്‍ണാല്‍, മഹേന്ദ്രഗഢ്, നുഹ്, പല്‍വാല്‍, പാനിപ്പത്ത്, രെവാരി, റോത്തക്, സോനിപ്പത്ത് എന്നീ ജില്ലകളിലാണ് പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അന്തരീക്ഷ വായുവിന്റെ ശരാശരി നിലവാരം മോശമായ പട്ടണങ്ങള്‍ക്കാണ് ഈ നിരോധനം ബാധകമാവുകയെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കുന്നു.
കല്യാണം, മറ്റ് അഘോഷങ്ങള്‍ എന്നിവക്ക് മലിനീകരണം കുറഞ്ഞ തോതിലുള്ള ഗ്രീന്‍ ക്രാക്കേഴ്‌സ് മാത്രമാണ് അനുവദനീയമായിട്ടുള്ളത്. സംസ്‌ഥാനത്തെ മറ്റ് ഇടങ്ങളില്‍ ദീപാവലിയോട് അനുബന്ധിച്ച് രാത്രി 8 മുതല്‍ 10 വരെ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. വർധിച്ചു വരുന്ന വായു മലിനീകരണം കണക്കിലെടുത്താണ് ഇത്തരം നടപടികൾക്ക് സർക്കാർ മുൻകൈ എടുക്കുന്നത്.
Read Also: ഏരീസിന് സിനിമ നൽകില്ലെന്ന് സംഘടനകൾ പറഞ്ഞിട്ടില്ല; നിർമാതാക്കൾ