കോഴിക്കോട്: കത്വ കേസിൽ ഇരയായ പെൺകുട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പഞ്ചാബ് സ്വദേശി മുബീൻ ഫാറൂഖിയുമായി വാർത്താ സമ്മേളനം നടത്തി യൂത്ത് ലീഗ്. ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം ഉൾപ്പടെ ഉള്ളവരുടെ ആരോപണങ്ങൾക്ക് മറുപടിയായാണ് യൂത്ത് ലീഗ് നേതൃത്വം അഭിഭാഷകനെ വാർത്താ സമ്മേളനത്തിൽ ഹാജരാക്കിയത്.
കത്വ കേസ് രാഷ്‌ട്രീയ വാഗ്‌വാദങ്ങൾക്ക് കാരണമാക്കരുതെന്ന് മുബീൻ ഫാറൂഖി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലയാളി സമൂഹത്തിൽ നിന്ന് കേസിന് വലിയ പിന്തുണയാണ് ലഭിച്ചത്. യൂത്ത് ലീഗാണ് കേസ് നടത്തിപ്പിനായി മുൻകൈ എടുത്തതും പ്രഗൽഭരായ അഭിഭാഷകരെ ഏർപ്പാടാക്കിയതും. പഞ്ചാബ് ഹൈക്കോടതിയിൽ കേസ് നടന്നുവരികയാണ്. ഈ ഘട്ടത്തിൽ രാഷ്‌ട്രീയ പ്രേരിതമായി കേസ് നടത്തിപ്പിനെ വിവാദമാക്കരുത് എന്നും ഫാറൂഖി ആവശ്യപ്പെട്ടു.
കേസിൽ അഭിഭാഷകർക്കായി 9.35 ലക്ഷം രൂപ ചെലവഴിച്ചെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈർ പറഞ്ഞു. ആദ്യഘട്ടത്തിൽ കെകെ പുരി, ഹർഭജൻ സിംഗ്, പങ്കജ് തിവാരി എന്നീ അഭിഭാഷകരെയാണ് നിയോഗിച്ചത്.
ഹൈക്കോടതിയിൽ എസ്എസ് ബസ്ര, മൻവീന്ദർ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് വാദിക്കുന്നത്. മുബീൻ ഫാറൂഖിയാണ് കേസ് നടത്തിപ്പ് ഏകോപിപ്പിച്ചത്. തങ്ങൾക്ക് എതിരെ വിമർശനവും ചോദ്യവും ഉന്നയിക്കുന്ന ഡിവൈഎഫ്ഐ, കത്വ കേസിൽ എന്ത് ഇടപെടലാണ് നടത്തിയതെന്ന് റഹീം വ്യക്‌തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡെൽഹി കലാപത്തിന്റെ പേരിൽ പിരിച്ച ഫണ്ടിനെക്കുറിച്ച് സിപിഎം വിശദീകരണം നൽകണം. വാട്‍സ്ആപ്പ് ഹർത്താലിലിൽ ഉണ്ടായ നഷ്‌ടപരിഹാരത്തിനായി മന്ത്രി കെടി ജലീൽ നടത്തിയ പരിവിന്റെ കണക്കും പുറത്തുവിടണമെന്ന് സുബൈർ പറഞ്ഞു.
കത്വ കേസ് നടത്തിപ്പിന് പിരിച്ച പണം എന്തു ചെയ്‌തെന്നും ഏത് അഭിഭാഷകനെയാണ് നിയോഗിച്ചതെന്നും യൂത്ത് ലീഗ് വ്യക്‌തമാക്കണമെന്ന് റഹീം ആവശ്യപ്പെട്ടിരുന്നു.
Also Read: ഡീസൽ വില വർധിച്ചു; ചരക്കുലോറി വാടക കൂട്ടുമെന്ന് ഉടമകൾ