കൊച്ചി: കത്വ കേസ് ഫണ്ട് വെട്ടിച്ചുവെന്ന പരാതിയിൽ യൂത്ത് ലീഗ് മുൻ ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. മുൻ ലീഗ് നേതാവ് യൂസഫ് പടനിലം നൽകിയ പരാതിയിലാണ് ഇഡി അന്വേഷണം.
ഈ മാസം 22ന് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുബൈറിന് ഇഡി സമൻസ് അയച്ചിരുന്നു. എന്നാൽ, കത്വ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കഴമ്പില്ലെന്നും എന്തിനാണ് ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന് അറിയില്ലെന്നും സുബൈർ പ്രതികരിച്ചു. ഫണ്ടുമായി ബന്ധപ്പെട്ട രേഖകളുമായി ഹാജരാകാനായിരുന്നു സികെ സുബൈറിനോട് ഇഡി ആവശ്യപ്പെട്ടത്.
കത്വ ഫണ്ട് തിരിമറിയിൽ സികെ സുബൈർ, പികെ ഫിറോസ് എന്നിവർക്കെതിരെ കുന്ദമംഗലം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ അന്വേഷണം. കത്വ പെൺകുട്ടിയുടെ പേരിൽ പിരിച്ച ഒരു കോടി രൂപ കൂടുംബത്തിന് കൈമാറാതെ നേതാക്കൾ തന്നെ വകമാറ്റിയെന്നാണ് ആരോപണം. പണപ്പിരിവ് നടത്തിയതിൽ കള്ളപ്പണ ഇടപാട്, വിദേശനാണ്യ വിനിമയ ചട്ടലംഘനം എന്നിവ ഉണ്ടായോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്.
Also Read: വളാഞ്ചേരിയിലെ കൊലപാതകം; സുബീറയുടെ ബാഗ് കണ്ടെത്തി