ദുബായ്: സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസൻസുള്ള ഇന്ത്യ ഉൾപ്പടെ 40 രാജ്യക്കാർക്ക് ഇനിമുതൽ യുഎഇയിൽ നേരിട്ട് ഡ്രൈവിങ് ടെസ്‌റ്റിന് അപേക്ഷിക്കാം. സാങ്കേതിക പ്രശ്‌നം മൂലം ഇടക്കാലത്ത് വെച്ച് നിർത്തിവെച്ച ഗോൾഡൻ ചാൻസ് പദ്ധതിയാണ് പുനരാരംഭിക്കുന്നത്. ഏപ്രിലിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ആരംഭിച്ച പദ്ധതിയിലൂടെ മലയാളികളടക്കം നിരവധിപ്പേർക്ക് ലൈസൻസ് ലഭിച്ചിരുന്നു.
2150 ദിർഹം അടച്ചാൽ ഗോൾഡൻ ചാൻസ് വഴി നേരിട്ട് റോഡ് ടെസ്‌റ്റിന് അപേക്ഷിക്കാവുന്നതാണ്. ഇതിനായി പ്രത്യേക ഡ്രൈവിങ് ക്‌ളാസിൽ ചേരേണ്ടതില്ല. ടെസ്‌റ്റിൽ പരാജയപ്പെട്ടാൽ സാധാരണ നടപടി ക്രമങ്ങളിലൂടെ പരിശീലന ക്‌ളാസിൽ ഹാജരായി മാത്രമേ ലൈസൻസ് എടുക്കാനാകൂ.
ഡ്രൈവിങ് ടെസ്‌റ്റിന് അപേക്ഷിക്കേണ്ടത് വെബ്‌സൈറ്റ് വഴി
* ആർടിഒയുടെ വെബ്സൈറ്റിൽ പ്രവേശിച്ചു ഗോൾഡൻ ചാൻസ് ഓപ്‌ഷനിൽ ക്ളിക്ക് ചെയ്‌ത് വ്യക്‌തിഗത വിവരങ്ങൾ നൽകണം. എമിറേറ്റ്‌സ് ഐഡി നമ്പർ, കാലപരിധി, മൊബൈൽ നമ്പർ എന്നിവ നൽകിയാൽ ഫോണിൽ ലഭിക്കുന്ന ഒടിപിയും നൽകി നടപടി പൂർത്തിയാക്കാം. നൽകിയ വിവരങ്ങൾ ഒത്തുനോക്കി ഉറപ്പുവരുത്തണം.
* ശേഷം സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ, ലൈസൻസ് ഇഷ്യൂ ചെയ്‌ത തീയതി, കാലപരിധി, കാറ്റഗറി എന്നിവ രേഖപ്പെടുത്തണം. തുടർന്ന് ലഭിക്കുന്ന റോഡ് ടെസ്‌റ്റ് തീയതിയിൽ ഹാജരായി പാസായാൽ ലൈസൻസ് ലഭിക്കും. അല്ലാത്തവർക്ക് ക്‌ളാസിൽ ചേരാം. ഐ ടെസ്‌റ്റ്, നോളജ് ടെസ്‌റ്റ് എന്നിവ നടത്തിയ ശേഷമാണ് ഡ്രൈവിങ് ടെസ്‌റ്റിന് ഹാജരാകേണ്ടത്. പാസായാൽ രണ്ടു വർഷത്തേക്ക് ലൈസൻസ് ലഭിക്കും. കാലാവധി കഴിഞ്ഞ പിന്നീട് അഞ്ചു വർഷത്തേക്ക് പുതുക്കാം.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!