കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസ് കൊലപാതക കേസിലെ പ്രതി ജി സന്ദീപിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. കൊല്ലം നെടുമ്പന യുപി സ്‌കൂൾ അധ്യാപകനായിരുന്നു പ്രതി സന്ദീപ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇയാളെ നേരത്തെ സർവീസിൽ നിന്നും സസ്‌പെൻസ് ചെയ്‌തിരുന്നു. സന്ദീപ് അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കഴിഞ്ഞ മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൗസ് സർജനായ വന്ദനദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കേസിലെ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. വന്ദനയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സ്‌ഥിരം മദ്യപാനിയായ പ്രതി സന്ദീപ്, ബോധപൂർവം ആക്രമണം നടത്തുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
പ്രതിയായ സന്ദീപിന് കുറ്റകൃത്യത്തെ കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും കുറ്റപത്രത്തിൽ പാമർശിക്കുന്നു. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. 1050 പേജുകളും 136 സാക്ഷിമൊഴികളുമാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. പ്രതിയുടെ കസ്‌റ്റഡി കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
Most Read| പത്‌മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറക്കുന്നത് നിരോധിക്കണം; ശുപാർശ