ചെന്നൈ: മഴക്ക് ശമനമായെങ്കിലും ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളക്കെട്ട് തുടരുകയാണ്. ചെന്നൈ നഗരത്തിലും മുടിച്ചൂർ, പെരുമ്പാക്കം, സെമ്മഞ്ചേരി തുടങ്ങിയ മേഖലകളിലും ഇപ്പോഴും വലിയ വെള്ളക്കെട്ട് തുടരുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുമെന്ന് റവന്യൂ മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ അറിയിച്ചു.
സെൻട്രൽ ചെന്നൈ അടക്കം 534 മേഖലകൾ കനത്ത വെള്ളക്കെട്ടിലായിരുന്നു. 204 ഇടങ്ങളിലെ വെള്ളം പൂർണമായി വറ്റിച്ചെങ്കിലും 330 മേഖലകൾ ഇപ്പോഴും വെള്ളത്തിലാണ്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ പലയിടത്തും മോട്ടോറുകള്‍ രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുകയാണ്. ഇന്നലെ വൈകിട്ട് മഴ മാറിയതു മുതല്‍ 570 മോട്ടറുകളാണ് വെള്ളം ഒഴുക്കിവിടാനായി പ്രവര്‍ത്തിക്കുന്നത്. 534 ഇടങ്ങളിലെ വെള്ളക്കെട്ടുകളില്‍ വെറും 68 എണ്ണം മാത്രമേ ഇതുവരെ സാധാരണ നിലയിലേക്ക് എത്തിയിട്ടുള്ളൂ.
വാണിജ്യ കേന്ദ്രങ്ങളായ ടിനഗര്‍, ഒഎംആര്‍, ആല്‍വാര്‍പേട്ട് എന്നിവടങ്ങളിലെല്ലാം റോഡുകളില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. പ്രധാനപ്പെട്ട സബ് വേകളെങ്കിലും വേഗത്തില്‍ തുറക്കാനുള്ള ശ്രമത്തിലാണ് ചെന്നൈ കോര്‍പ്പറേഷന്‍. ചെന്നൈയിലെ 22 അടിപ്പാതകളിൽ 17ലും ഗതാഗതം പുനഃസ്‌ഥാപിച്ചു. എന്നാൽ 23 റോഡുകളിൽ വെള്ളക്കെട്ടുള്ളതിനാൽ റോഡ് ഗതാഗതം ഭാഗികമാണ്. വിമാന സർവീസുകൾ, ദീർഘ ദൂര-സബേർബൻ-മെട്രോ ട്രെയിനുകൾ എന്നിവയുടെ സേവനം തടസപ്പെട്ടിട്ടില്ല.
അതേസമയം, മഴക്ക് ശമനം വന്നതോടെ ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് ജനങ്ങൾ മടങ്ങിത്തുടങ്ങി. 2,888 പേരാണു ദുരിതാശ്വാസ ക്യാംപുകളിൽ ഉള്ളത്. പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടാതിരിക്കാൻ ആരോഗ്യവകുപ്പ് ജാഗ്രത തുടരുന്നുണ്ട്. നീലഗിരി ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്നും അവധി നൽകി.
Most Read: മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും