മഞ്ഞില്‍ പൊതിഞ്ഞൊരു സ്വര്‍ഗഭൂമി; ഇത് സഞ്ചാരിയുടെ മനം കവരുന്ന ‘ഫാഗു’

By Team Member, Malabar News
Malabarnews_fagu
Representational image
Ajwa Travels

യാത്രയെ പ്രണയിക്കുന്നവര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട സ്‌ഥലമാണ് ഹിമാചല്‍പ്രദേശ്. ആരെയും ആകര്‍ഷിക്കുന്ന നിരവധി സ്വര്‍ഗഭൂമികള്‍ കൊണ്ട് സമ്പന്നമാണ് ഹിമാചല്‍പ്രദേശ് എന്നത് തന്നെയാണ് ഇതിന് കാരണം. അത്തരത്തിലുള്ള ഹിമാചലിലെ ഒരു സ്വര്‍ഗഭൂമിയാണ് ഫാഗു. സദാസമയവും മഞ്ഞുമൂടി കിടക്കുന്ന ഫാഗു സഞ്ചാരികള്‍ക്ക് പ്രകൃതിയെ തൊട്ടറിയാനുള്ള ഏറ്റവും നല്ല സ്‌ഥലം തന്നെയാണ്. കോടമഞ്ഞും മഞ്ഞും മാറി മാറി എത്തുന്ന ഫാഗു വിവിധ താഴ്‌വരകളാലും, ആപ്പിള്‍ തോട്ടങ്ങളാലും, അനവധി പുഷ്‌പങ്ങളാലും സമ്പന്നമാണ്. ഒപ്പം തന്നെ എത്ര കടുത്ത വേനല്‍ക്കാലം ആണെങ്കില്‍ പോലും സുഖകരമായ തണുപ്പാണ് ഇവിടുത്തെ പ്രത്യേകത.

Malbarnews_fagu2

മഞ്ഞില്‍ പൊതിഞ്ഞു നിലകൊള്ളുന്ന ഈ നാടിന് ഫാഗു എന്ന പേര് വന്നത് ഫോഗ് എന്ന വാക്കില്‍ നിന്നാണെന്ന് പറയപ്പെടുന്നു. കുന്നും, മലയും, മരങ്ങളും, ഉയരവും, പച്ചപ്പും കൊണ്ട് സഞ്ചാരികള്‍ക്ക് ഭൂമിയില്‍ ഒരു സ്വര്‍ഗം തന്നെ തീര്‍ക്കുകയാണ് ഫാഗു. ഷിംലക്ക് സമീപമാണ് ഈ സ്‌ഥലം സ്‌ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2300 മീറ്റര്‍ ഉയരത്തില്‍ സ്‌ഥിതി ചെയ്യുന്ന ഫാഗു കുന്നുകളിലും മലകളിലും ട്രക്കിങ് ഇഷ്‌ടപ്പെടുന്ന സാഹസികര്‍ക്കും പറ്റിയ സ്‌ഥലം തന്നെയാണ്.

Malabarnews_fagu

ഏക്കറുകളോളം വിളഞ്ഞു കിടക്കുന്ന ആപ്പിള്‍ പാടങ്ങളാണ് ഫാഗുവിന്റെ മറ്റൊരു പ്രത്യേകത. ആരെയും മനം മയക്കാന്‍ പാകത്തിന് ചുവന്നു തുടുത്ത ഹിമാലയന്‍ ആപ്പിളുകള്‍ ഇവിടെ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. കൂടാതെ പൈന്‍ കാടുകളും സെഡാര്‍ മരങ്ങളും ഇവിടെ മറ്റൊരു കാഴ്‌ച വിരുന്ന് തന്നെ ഒരുക്കുന്നുണ്ട്. ആപ്പിള്‍ പാടങ്ങള്‍ക്കൊപ്പം തന്നെ ഇവിടെ വ്യാപകമായി കാണുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് പാടങ്ങള്‍. കൂടാതെ ഹിമ പുള്ളിപ്പുലികളും, യാക്കുകളും ഒക്കെ ഈ മഞ്ഞില്‍ പൊതിഞ്ഞ നാട്ടില്‍ ധാരാളമായി കാണുന്ന വന്യമൃഗങ്ങളാണ്.

Malabarnews_fagu4

പ്രകൃതി ഒരുക്കുന്ന ദൃശ്യവിരുന്നിനൊപ്പം തന്നെ ചരിത്രപ്രധാനമായ പ്രത്യേകത കൂടി മുന്നിട്ടു നില്‍ക്കുന്ന ഭൂമിയാണ് ഫാഗു. ഇവിടെ നിന്നുമാണ് പ്രസിദ്ധമായ ഹിന്ദുസ്‌ഥാന്‍ ടിബറ്റ് റോഡ് ആരംഭിക്കുന്നത്. ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന കൗന്നര്‍ എന്ന പ്രദേശം വരെയാണ് ഈ റോഡുള്ളത്. ഫാഗുവിലേക്ക് എത്തിച്ചേരാനുള്ള ഏറ്റവും അടുത്തുള്ള വിമാനത്താവളം 45 കിലോമീറ്റര്‍ അകലെയുള്ള ജുബ്ബാര്‍-ഹാട്ടി എയര്‍പോര്‍ട്ടാണ്. ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്തുള്ള റെയില്‍വേസ്‌റ്റേഷന്‍ ഷിംലയാണ്. ഫാഗുവില്‍ നിന്നും 22 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഒപ്പം തന്നെ ചണ്ഡിഗഢില്‍ നിന്നും 139 കിലോമീറ്ററും, ഡെല്‍ഹിയില്‍ നിന്നും 392 കിലോമീറ്ററും റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചും സഞ്ചാരികള്‍ക്ക് ഈ മഞ്ഞിന്റെ ഭൂമിയില്‍ എത്തിച്ചേരാം.

Read also : സന്ദര്‍ശകര്‍ക്ക് സ്വാഗതം; പാലരുവി വെള്ളച്ചാട്ടം കാണാം ഏഴ് മുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE