കോഴിക്കോട്: സംസ്‌ഥാന വ്യാപകമായി വിതരണം ചെയ്യുന്ന വ്യാജ ഡോക്‌ടറേറ്റ് മലബാറിൽ വ്യാപകമാകുന്നു. ‘ഡോക്‌ടർ‘ പദവി യാതൊരു വിലയുമില്ലാത്ത അവസ്‌ഥയിലേക്ക് താഴ്‌ന്ന് പോകുമ്പോൾ, യഥാർഥ ഡോക്‌ടറേറ്റ് നേടിയ പ്രമുഖ എഴുത്തുകാരും ചിന്തകരും ശാസ്‌ത്ര പ്രചാരകരും ഉൾപ്പടെയുള്ളവർ ‘ഡോ’ എന്നത് പേരിന് മുൻപ് ചേർക്കുന്നത് ഉപേക്ഷിച്ചിരിക്കുകയാണ്.
മലബാർ ന്യൂസിന് ലഭ്യമായവരുടെ ‘മാത്രം’ പേരുവിവരങ്ങൾ അനുസരിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 2020 മെയ്‌വരെ ‘വ്യാജ ഡോക്‌ടർ’ പദവി നേടിയവർ 45 പേരാണ്. പേരിൽ മാത്രം ‘യൂണിവേഴ്‌സിറ്റിയുള്ള’ വിദേശത്തും സ്വദേശത്തുമുള്ള സ്വകാര്യ സ്‌ഥാപനങ്ങളാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. ഇത്തരം വ്യാജ സർവ കലാശാലകൾക്ക് വേണ്ടി ‘ഡോക്‌ടർ’ പദവി കച്ചവടം ചെയ്യുന്ന ഏജൻസികൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ട്.
സാമ്പത്തിക ശേഷി ഉള്ളവരിലേക്കാണ് ഈ ‘വ്യാജ ഡോക്‌ടർ’ പദവി എത്തിക്കുന്നത്. അൻപതിനായിരം രൂപമുതൽ 5ഉം 10ഉം ലക്ഷങ്ങളാണ് പലരും ഈടാക്കുന്നത്. ഞങ്ങളുടെ ഒരു റിപ്പോർട്ടറുടെ പിതാവിനെ, ഡോക്‌ടർ പദവി ആവശ്യമുള്ള ആളാക്കിമാറ്റി നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഞങ്ങൾക്ക് ലഭ്യമായ പേരുവിവരങ്ങളിൽ ഇതെഴുതുന്ന റിപ്പോർട്ടറുടെ പരിസര പ്രദേശത്തുകാർ പോലുമുണ്ട് എന്നതാണ് ഞെട്ടിക്കുന്ന സത്യം.
ഇദ്ദേഹത്തിന് ഡോക്‌ടറേറ്റ് മാത്രമല്ല, സർ പദവിവരെ കിട്ടിയിട്ടുണ്ട്! പക്ഷെ, കേരളത്തിലെ ആളുകൾക്കോ, എന്തിനധികം സ്വന്തം താലൂക്കിലെ ആളുകൾക്കോ പോലും ഇയാളെ അറിയില്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം. എന്നാൽ, ജീവിക്കുന്ന ഗ്രാമത്തിലെ പൊതുസമ്മതനും സമ്പന്നനുമാണ് ഇദ്ദേഹം. എന്തിനാണ് ഈ വ്യാജ ഡോക്‌ടറേറ്റും സർപദവിയും ഇയാൾ നേടിയതെന്ന് ഇപ്പോഴും പിടികിട്ടാത്ത ചോദ്യമാണ്.
നാട്ടുകാർ വലിയ ആദരവോടെ കാണുന്ന ഇദ്ദേഹത്തിന്റെ മകൻനേടിയ ചില ഡിഗ്രികളും വ്യാജമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞെട്ടൽ, നാണക്കേടിനാണ് വഴിമാറിയത്. ഞങ്ങൾക്ക് ലഭ്യമായ 45 പേരുടെ പട്ടികയിൽ 43 പേരും ഇത്തരത്തിലുള്ള ‘ഡോക്‌ടർ പദവി’ നേടിയവരാണ്! മാത്രവുമല്ല, ‘ഡോക്‌ടർ പദവി’ ഒരുതരത്തിലും അർഹിക്കാത്ത മോശം പിന്നാമ്പുറവും സാമൂഹിക അവസ്‌ഥയും ഉള്ളവർക്കാണ് ഇവയെല്ലാം ലഭിച്ചിരിക്കുന്നത്!
പണം കൊടുത്ത് വാങ്ങുന്ന ഇത്തരം ബിരുദങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലയുടെ അന്തസ് ഇല്ലാതാക്കുന്നു എന്നതുമാത്രമല്ല സംഭവിക്കുന്ന ദുരന്തം, പണം ഉണ്ടാക്കിയാൽ, ഡോക്‌ടറേറ്റ് എന്റെവാതിൽ പടിയിൽവരും എന്ന പൊതുധാരണ രൂപം കൊള്ളാനും അത് കാരണമാകുന്നു. കൂടാതെയാണ് ഈ പേരിൽനടക്കുന്ന വ്യാപകമായ അഴിമതിയും. പദ്‌മ അവാർഡുകൾ പോലും മാനിക്കപ്പെടാത്ത അവസ്‌ഥയിലേക്ക് കാര്യങ്ങളെത്താനും ഇത്തരം ‘ഡോക്‌ടർ’ പദവികൾ കാരണമാകും.
വ്യാജബിരുദങ്ങൾ മാത്രമല്ല, വ്യാജ അപൂർവനേട്ടങ്ങളും ഈ രീതിയിൽ വ്യാപകമാകുന്നുണ്ട്. യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് തുടങ്ങിയ സ്വകാര്യ കമ്പനികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഇത്തരത്തിലുള്ളതാണ്. തികച്ചും സ്വകാര്യ കമ്പനികളായ ഇവർ ലാഭകരമായ കച്ചവടമായി കൊണ്ടുനടക്കുന്ന ഇത്തരം നേട്ടങ്ങൾ പ്രകീർത്തിക്കപ്പെടുമ്പോൾ യഥാർഥ ആദരവുകൾക്ക് അർഹമായ സ്വീകാര്യത കിട്ടാതെ പോകുന്ന അവസ്‌ഥ നിലവിലുണ്ട്.
വിവിധ മേഖലകളില്‍ പ്രശസ്‌തരായ ആളുകൾക്ക് അവരുടെ സേവനവും കഠിനാധ്വാനവും മറ്റുജീവിത-സാമൂഹിക അവ്സഥകളും പരിഗണിച്ചാണ് കേരളത്തിലെ സര്‍വകലാശാലകള്‍ ഉൾപ്പടെ എല്ലാവരും ഡോക്‌ടർ / ഡിലിറ്റ് ബിരുദങ്ങൾ നല്‍കുന്നത്. എന്നാല്‍ യാതൊരു മാനദണ്ഡവും ഇല്ലാതെ പണം നല്‍കിയാല്‍ മാത്രം ലഭിക്കാവുന്ന രീതിയിലേക്ക് മാറുകയാണ് പല ഹോണററി ബിരുദങ്ങളും അംഗീകാരങ്ങളും എന്നതാണ് യാഥാർഥ്യം. അതുകൊണ്ട് തന്നെ, ഇത്തരം വ്യാജബിരുദങ്ങളും അവാർഡുകളും സ്വീകരിക്കുന്നതും നൽകുന്നതും ഇടനിലയിൽ പ്രവർത്തിക്കുന്നതും ക്രിമിനൽ കുറ്റമായി പരിഗണിക്കാൻ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ നിയമനിർമാണം നടത്തേണ്ടതുണ്ട്.
Most Read: കോവിഡ് 19 വാക്‌സിൻ ഒക്‌ടോബറോടെ ലഭ്യമാക്കും: ഫാർമ ഭീമൻ ഫൈസർ