കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് ധനസഹായം; 3.2 കോടി അനുവദിച്ചു

By News Desk, Malabar News
Pinarayi congratulated Charanjit Channi
Ajwa Travels

തിരുവനന്തപുരം: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ നഷ്‌ടപ്പെട്ട കുട്ടികൾക്ക് ധനസഹായം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. ഇതിനായി 3,19,99,000 രൂപ അനുവദിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കുട്ടികൾക്ക് 3 ലക്ഷം രൂപയുടെ സ്‌ഥിര നിക്ഷേപവും 18 വയസാകുന്നത് വരെ പ്രതിമാസം 2,000 രൂപയുമാണ് ലഭിക്കുക. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്. നിലവിൽ 87 കുട്ടികളാണ് ആനുകൂല്യത്തിന് അർഹരായിട്ടുള്ളത്.

ഐസിഡിഎസ് ജീവനക്കാര്‍ മുഖേന കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകള്‍ ഓരോ കുട്ടിയുടേയും സ്‌ഥിതി വിലയിരുത്തിയിരുന്നു. തുടർന്ന്, ശിശു സംരക്ഷണ സമിതിക്ക് റിപ്പോർട് നല്‍കുകയും ഈ കുട്ടികളുടെ ക്ഷേമത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തുവെന്നും മന്ത്രി വ്യക്‌തമാക്കി.

കൂടാതെ, ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് മൂലം മാതാവും പിതാവും നഷ്‌ടപ്പെട്ട കുട്ടികള്‍, കോവിഡ് നെഗറ്റീവായി കഴിഞ്ഞ് മൂന്നു മാസത്തിനകം കോവിഡ് അനുബന്ധ ശാരീരിക പ്രശ്‌നങ്ങളാല്‍ മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികള്‍, പിതാവോ മാതാവോ മുന്‍പ് മരണപ്പെട്ടതും കോവിഡ് മൂലം നിലവിലുള്ള ഏക രക്ഷിതാവ് മരണപ്പെടുകയും ചെയ്‌ത കുട്ടികള്‍, മാതാവോ പിതാവോ നേരെത്തെ ഉപേക്ഷിച്ച് ഇപ്പോള്‍ ഏക രക്ഷിതാവ് കോവിഡ് മൂലം മരിക്കുകയും ചെയ്‌ത കുട്ടികള്‍, മാതാപിതാക്കള്‍ മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്‌ത് ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുകയും നിലവില്‍ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ കോവിഡ് മൂലം മരണപ്പെടുകയും ചെയ്‌ത കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ ഉൾപ്പെടുന്ന കുട്ടികൾക്കാണ് ആനുകൂല്യം. കുടുംബത്തിന്റെ വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ തന്നെ സഹായം നല്‍കുന്നതാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഫാമിലി പെന്‍ഷന്‍ ലഭിക്കുന്ന കുടുംബങ്ങളെ ധനസഹായത്തിന് പരിഗണിക്കുന്നതല്ല. നിലവില്‍ കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ക്ക് ഈ സ്‌കീം പ്രകാരമുള്ള ധനസഹായം ആവശ്യമില്ലെന്ന് രേഖാമൂലം അറിയിക്കുന്ന സാഹചര്യത്തിലും പരിഗണിക്കില്ല. എന്നാല്‍ കുട്ടിക്ക് 18 വയസാകുന്നതിന് മുൻപ് രക്ഷിതാക്കള്‍ക്ക് ഈ സ്‌കീമില്‍ തിരികെ ചേരാവുന്നതും ബാക്കി കാലയളവിലുള്ള സഹായം സ്വീകരിക്കാവുന്നതുമാണ്.

സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് 18 വയസിന് ശേഷം പിന്‍വലിക്കാവുന്ന തരത്തിലും എന്നാല്‍ പലിശ കുട്ടിക്ക് ആവശ്യമുള്ള സമയത്ത് പിന്‍വലിച്ച് ഉപയോഗിക്കാവുന്ന തരത്തിലുമാണ് ഒറ്റത്തവണ സഹായം എന്ന നിലയില്‍ മൂന്നു ലക്ഷം രൂപ നല്‍കുന്നത്. സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ വീതം 18 വയസ് പൂര്‍ത്തിയാക്കുന്നത് വരെ കുട്ടിയുടെയും നിലവിലെ രക്ഷിതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കുന്നതാണ്.

ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് കുട്ടികളുടെ അപേക്ഷയിൻമേല്‍ ജില്ലാ ശിശു സംരക്ഷണ ഓഫിസറുടെ ശുപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ അതാത് സമയങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വനിതാ ശിശു വികസന വകുപ്പ് മുഖേന വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് നേരിട്ട് തുക അനുവദിക്കുന്നതാണ്.

വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ചെയര്‍പേഴ്‌സണായും വനിതാ ശിശു വികസന വകുപ്പ് ഡയറക്‌ടർ കണ്‍വീനറായും ആരോഗ്യവകുപ്പ് ഡയറക്‌ടർ / അഡീഷണല്‍ ഡയറക്‌ടറില്‍ കുറയാത്ത പ്രതിനിധി എന്നിവര്‍ അംഗങ്ങളുമായ ഒരു സ്‌കീം മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ജില്ലാ ശിശു സംരക്ഷണ ഓഫിസർ മുഖാന്തിരം റിപ്പോർട് ചെയ്യപ്പെടുന്ന കേസുകളില്‍ എന്തെങ്കിലും സംശയം ഉണ്ടാകുന്ന പക്ഷം പ്രസ്‌തുത കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക.

Also Read: കൗൺസിലർമാർക്ക് ‘ഓണക്കൈനീട്ടം’; കൂടുതൽ തെളിവുകൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE