കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പെട്രോളിന്റെ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ. ഒറ്റ ദിവസം കൊണ്ട് 20 ശതമാനം ഉയർച്ചയാണ് പെട്രോളിന് ഉണ്ടായത്. കഴിഞ്ഞ ദിവസം വരെ 254 രൂപയുണ്ടായിരുന്ന പെട്രോൾ വില ശനിയാഴ്‌ച മുതൽ 303 രൂപയായി വർധിച്ചു.
25 ശതമാനം വിലകൂട്ടി രണ്ടാഴ്‌ച പൂർത്തിയാകും മുന്നേയാണ് പുതിയ വർധന ഉണ്ടായിരിക്കുന്നത്. ഇന്ധന ക്ഷാമം രൂക്ഷമായ ലങ്കയിൽ പവർകട്ട് ഞായറാഴ്‌ചയും തുടരും.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്ക വിദേശത്തെ എംബസികളും അടച്ചു പൂട്ടുകയാണ്. ഇറാഖ്, നോർവേ, സുഡാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേത് അടക്കമുള്ള എംബസികളാണ് അടക്കുന്നത്. വിദേശ എംബസികളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ലങ്കൻ വിദേശകാര്യ മന്ത്രാലയം പറയുന്നു.
ഇതിനിടെ മന്ത്രിതല സമ്മേളനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ നാളെ കൊളംബോയിൽ എത്തും. കഴിഞ്ഞ ദിവസം ഇന്ത്യ നാൽപതിനായിരം ടൺ അരിയും ഡീസലും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു. ചൈനയും രണ്ടായിരം ടൺ അരി ശ്രീലങ്കയിലെക്ക് അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീലങ്കയിലെ നിലവിലെ അവസ്‌ഥ സംബന്ധിച്ച ലോകബാങ്ക് റിപ്പോർട് പാർലമെന്റിൽ അവതരിപ്പിക്കും. ആദായനികുതി, വാറ്റ് തുടങ്ങിയവ വർധിപ്പിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ട്. ഘട്ടം ഘട്ടമായി കടക്കെണിയിൽ നിന്ന് പുറത്തു കടക്കാൻ ലോകബാങ്കിനെ ആശ്രയിക്കാനുള്ള തീരുമാനം അടുത്തിടെയാണ് പ്രസിഡണ്ട് ഗോതബായെ രാജാപക്‌സെ കൈക്കൊണ്ടത്.
Most Read: ‘കേരളത്തിന് വിനാശകരമായ പണിമുടക്ക്’; സാമ്പത്തിക മേഖല തകര്‍ക്കുമെന്നും കെ സുരേന്ദ്രന്‍