കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡണ്ടായി റനിൽ വിക്രമസിംഗെയെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പിലാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. 219ൽ 134 വോട്ടുകൾ റനിൽ വിക്രമസിംഗെ നേടിയെങ്കിലും, ഭൂരിപക്ഷം വരുന്ന പ്രക്ഷോഭകരും അദ്ദേഹത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ്. അതിനാൽ തന്നെ രാജ്യത്ത് നടക്കുന്ന പ്രതിഷേധം തുടരാനാണ് സാധ്യത.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ ഗോതബയ രാജപക്‌സെക്ക് പ്രസിഡണ്ട് പദവിയിൽ നിന്ന് രാജി വച്ചിരുന്നു. പിന്നാലെ വിക്രമസിംഗെ ആക്റ്റിംഗ് പ്രസിഡണ്ടായി സേവനമനുഷ്‌ഠിച്ച് വരികയായിരുന്നു. എന്നാൽ ഗോതബയ രാജപക്‌സെയുടെ രാജിക്കൊപ്പം റനിൽ വിക്രമസിംഗെ കൂടി രാജിവെക്കണമെന്നായിരുന്നു പ്രതിഷേധക്കാർ ഉന്നയിച്ചിരുന്ന ആവശ്യം.
ശ്രീലങ്കന്‍ സമ്പദ് വ്യവസ്‌ഥയെ സുസ്‌ഥിരമാക്കുമെന്ന് റനിൽ പാർലമെന്റിൽ വ്യക്‌തമാക്കി. ഒരു വർഷത്തിനകം സാമ്പത്തിക രംഗം ശക്‌തിപ്പെടുത്തുമെന്നും, 2024ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്‌ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 6 തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായ വ്യക്‌തി കൂടിയാണ് റനിൽ വിക്രമസിംഗെ.
Read also: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; രണ്ട് പേർ പിടിയിൽ