മീൻ അച്ചാർ നിർമാണവും വിപണനവും; ചെറിയ മുതൽമുടക്കിൽ ആരംഭിക്കാവുന്ന സംരംഭം

By Desk Reporter, Malabar News
Fish pickle Production _Malabar News
Ajwa Travels

ഒരു ബിസിനസ് തുടങ്ങാനും പ്രതിസന്ധികളെ അതിജീവിക്കാനും കഴിവുണ്ടോ? ആത്‌മവിശ്വാസവും ജോലിചെയ്യാൻ മടുപ്പുമില്ലാത്ത ആളാണോ നിങ്ങൾ? എങ്കിൽ ചെറിയ മുതൽമുടക്കിൽ ആരംഭിച്ച് ഘട്ടം ഘട്ടമായി നല്ല വിജയത്തിലെത്തിക്കാൻ കഴിയുന്ന ഒരു സംരംഭമാണ് മീൻ അച്ചാർ നിർമാണവും വിപണനവും.

ശ്രദ്ധയോടെയും, ലക്ഷ്യബോധത്തോടെയും ആരംഭിച്ചാൽ ആദ്യം പ്രാദേശിക വിപണിയും, പിന്നെ സംസ്‌ഥാന വിപണിയും, ശേഷം ദേശീയ വിപണിയും അടുത്തഘട്ടത്തിൽ വിദേശ വിപണിയിലേക്ക് കയറ്റുമതിയും ഉൾപ്പടെ വലിയ സാധ്യതകളുള്ള സംരംഭമാണ് മീൻ അച്ചാർ നിർമാണവും വിപണനവും.

ഈ സാധ്യതയിലേക്ക് ഇറങ്ങാൻ തയ്യാറാണങ്കിൽ ആദ്യം ചെയ്യേണ്ടത് (ഒന്നാം ഘട്ടം); തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിലും നിങ്ങളുടെ ജില്ലയിലെ ആരോഗ്യവകുപ്പിലും ജില്ലാ വ്യവസായ കേന്ദ്രത്തിലും ബന്ധപ്പെടുക. അവരുമായി തുടങ്ങാൻ പോകുന്ന മീൻ അച്ചാർ സംരംഭത്തെ സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുക. ആവശ്യമായ നിയമപരമായ കാര്യങ്ങൾ വിശദമായി ചോദിച്ചു മനസിലാക്കുക. ആവശ്യമായ ലൈസൻസുകൾ, അവയുടെ ഫീസ്, കാലതാമസം, സമ്മതപത്രം തുടങ്ങി എല്ലാം ചോദിച്ചു മനസിലാക്കുക.

എവിടെയെങ്കിലും നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടാൽ, അനാവശ്യമായി നിങ്ങളെ നടത്തിക്കുന്നുണ്ടങ്കിൽ ലീഗൽ എയ്‌ഡ്‌ കൗൺസിലിന് മലയാളത്തിലോ ഇംഗ്ലീഷിലോ മെയിൽ അയക്കുക. അവർ നിങ്ങളെ സൗജന്യമായി സഹായിക്കും. ഇമെയിൽ: [email protected] ലേക്ക് മെയിൽ അയക്കുക.

Fish pickle Business_Malabar News

രണ്ടാം ഘട്ടം: മോദ, ചൂര, പാര, വറ്റ, കേര എന്നിവയാണ് മീൻ അച്ചാറിന് ഏറ്റവും അനുയോജ്യം. ഈ മൽസ്യം രണ്ടോ മൂന്നോ കിലോ വാങ്ങി ക്ളീൻ ചെയ്‌ത്‌ വേവിച്ചെടുക്കണം. ആവശ്യമായ അളവിൽ അച്ചാർ മിക്‌സ് എടുത്ത് അതിൽ മിക്‌സ് ചെയ്‌ത ശേഷം വീണ്ടും ആവശ്യത്തിന് ചൂടാക്കുക. എണ്ണയും ഉപ്പും ആവശ്യത്തിനു ചേർക്കുക. ശ്രദ്ധിക്കുക. മീൻ അച്ചാർ ഉണ്ടാക്കാൻ അനേകം രീതികൾ ഉണ്ട്. അതിൽ ഏറ്റവും അനുയോജ്യവും തൃപ്‌തികരവുമായ രീതി എടുക്കുക. ഇത്തരം വിഷയത്തിൽ ഒരു പാചക ‘വിദഗ്‌ധന്റെ‘ സഹായം തേടുന്നതാണ് ഏറ്റവും അഭികാമ്യം.

ഉണ്ടാക്കിയ അച്ചാർ ഏറ്റവും പ്രിയപ്പെട്ടവർക്കും കഴിയുമെങ്കിൽ ചില പരിചിതകർക്കും ആദ്യം നൽകുക. വിവിധ പ്രായഘടനയിൽ ഉള്ളവരാണെങ്കിൽ ഏറ്റവും നല്ലത്. അവരുടെ അഭിപ്രായം അറിയുക. മാറ്റം ആവശ്യമെങ്കിൽ അത് വരുത്തുക. ഈ രീതിയിൽ ഏറ്റവും ടേസ്‌റ്റി ആയ അച്ചാർ ഉറപ്പായാൽ മാത്രം അടുത്ത ഘട്ടത്തിലേക്ക് ഇറങ്ങുക. ബീഫ് അച്ചാർ, മത്തി അച്ചാർ, കക്ക അച്ചാർ, ചെമ്മീൻ അച്ചാർ, മിക്‌സഡ്‌ വെജിറ്റബിൾ അച്ചാർ, പാവയ്‌ക്ക അച്ചാർ, ഇഞ്ചി അച്ചാർ, അവലോസ് പൊടി, ചക്ക വറുത്തത് , ചക്കവരട്ടി, ചക്ക ഹൽവ എന്നിവയും ഇതേ സ്‌ഥലത്ത്‌ നിന്ന് വിപണിയിലെത്തിക്കാം. പക്ഷെ, ആദ്യം ഒന്നിൽ ആരംഭിക്കുക. ശേഷം ഘട്ടം ഘട്ടമായി മാത്രം വികസിപ്പിക്കുക.

മൂന്നാം ഘട്ടം:

സാധ്യതയെ സംബന്ധിച്ച് നന്നായി ഗൃഹപാഠം ചെയ്യുക. പ്രാദേശിക വിപണിയിൽ അഥവാ നിങ്ങളുടെ 50 കിലോമീറ്റർ പരിസരത്തുള്ള സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ, പച്ചക്കറി കടകൾ, ബേക്കറികൾ, ഹോട്ടലുകൾ, ബാറുകൾ, കള്ളുഷാപ്പുകൾ, കാറ്ററിംഗ് സ്‌ഥാപനങ്ങൾ തുടങ്ങി മീൻ അച്ചാർ വിറ്റുപോകാൻ സാധ്യതയുള്ളവരുടെ വിശദമായ കണക്ക് ഉണ്ടാക്കുക.

ഒരുകാരണവശാലും ഇത് വീട്ടിലിരുന്നു ഊഹിച്ച് ചെയ്യരുത്. വിപണിയിലിറങ്ങി അതാത് ഏരിയകളിൽ പോയി, കടകൾ നേരിട്ട് സന്ദർശിച്ചു മാത്രം ചെയ്യുക. സന്ദർശിക്കുന്ന കടയിൽ മീൻ അച്ചാർ വെക്കാറുണ്ടോ? വെച്ചാൽ പോകാൻ സാധ്യതയുണ്ടോ? എത്ര വരെ വിൽപന ഉണ്ടാകാറുണ്ട്? ഉണ്ടാകും? നിലവിൽ ആരൊക്കെയാണ് മീൻ അച്ചാർ വിപണിയിൽ ഉള്ളത്? അവരുടെ ശക്‌തിയും കുറവുകളും എന്തൊക്കെയാണ്? നിലവിൽ വിൽപ്പനയിൽ ഉള്ളവരുടെ വിലയും അവർ കടക്കാർക്ക് നൽകുന്ന ലാഭവും ഉൾപ്പടെയുള്ള കാര്യങ്ങൾ ‘ശരിയായ’ അന്വേഷിച്ചു പഠിക്കുക. പ്രസ്‌തുത സ്‌ഥാപനത്തിൽ മീൻ അച്ചാർ വെക്കാൻ സാധ്യത ഉണ്ടങ്കിൽ കടയുടെ പേരും മറ്റു കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തി എടുക്കുക.

ചിലപ്പോൾ ഒരു മാസംവരെ എടുത്തേക്കാവുന്ന കാര്യമാണ് വിപണിപഠനം. ജോലി സമയം കഴിഞ്ഞോ ജോലി ഇല്ലാത്തവർ ആണങ്കിൽ കുറച്ചു ദിവസങ്ങൾകൊണ്ടോ തീർക്കാവുന്ന കാര്യമാണ് ഈ വിപണിപഠനം. ശേഷം, ഈ പഠനത്തിലൂടെ ലഭ്യമായ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ മീൻ അച്ചാർ വാങ്ങാനും ഒരു പുതുസംരഭത്തെ പ്രോൽസാഹിപ്പിക്കാനും 50 ശതമാനമെങ്കിലും സാധ്യതയുള്ളവരുടെ കണക്കുകൾ ‘മാത്രം’ കൃത്യമായി ഓർഡറാക്കി ഒരു ഫയലാക്കുക.

നാലാം ഘട്ടം:

ആരംഭിക്കാൻ ആഗ്രഹിക്കുന്ന മീൻ അച്ചാറിന് ഒരു നല്ല പേരുകണ്ടെത്തണം. പ്രസ്‌തുത പേര് മീൻ അച്ചാറിനു അനുയോജ്യം ആയിരിക്കണം. ഒപ്പം വിദേശവിപണിക്കും, മലയാളികൾ അല്ലാത്ത ഇന്ത്യയിലുള്ള ആളുകൾക്കും എളുപ്പത്തിൽ ഉച്ചരിക്കാനും ഓർക്കാനും കഴിയുന്നതാകണം. വിദേശവിപണിയിലെ സൂപ്പർമാർക്കറ്റുകളിൽ സാധാരണക്കാരും സമ്പന്നരും ഒരുപോലെ ചോദിച്ചുവാങ്ങാനും അഭിമാനത്തോടെ മറ്റുള്ളവർക്ക് റഫർ ചെയ്യാനും സാധിക്കുന്ന രീതിയിലുള്ള പേരായിരിക്കണം. ട്രേഡ്‌മാർക്ക് കിട്ടും എന്നുറപ്പുള്ള പേരായിരിക്കണം. സാമൂഹിക മാദ്ധ്യമങ്ങളിലും മറ്റും വ്യക്‌തിത്വം നിലനിറുത്താൻ കഴിയുന്ന പേരാകണം. പ്രസ്‌തുത പേരിൽ ഒരു ‘ഡോട്കോം’ വെബ് അഡ്രസ്‌ ലഭ്യമായിരിക്കണം. ഇതും ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ആവശ്യമെങ്കിൽ പ്രൊഫഷണൽ സഹായത്തിന് ഇവരെ സമീപിക്കാം.

അഞ്ചാം ഘട്ടം:

ശേഷം 500 ചതുരശ്ര അടിയിൽ കുറയാത്ത, നല്ല വൃത്തിയുള്ള, വാടക കുറഞ്ഞതും എന്നാൽ അടുത്തു നിന്നു തന്നെ ബസ് യാത്രക്കുള്ള സൗകര്യവും മുച്ചക്ര വാഹനം കയറുന്ന വഴിയുമുള്ള ഒരിടം കണ്ടെത്തുക വളരെ ഇടുങ്ങിയ ജനവാസം ഉള്ളതായിരിക്കരുത്. മീനച്ചാർ മണം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ഒരു സ്‌ഥലമായിരിക്കണം. ചുറ്റുപാടും കുറച്ചു ഒഴിഞ്ഞ സ്‌ഥലമുള്ള കെട്ടിടമോ, വീടോ ആണങ്കിൽ വളരെ നല്ലത്.

ഇതിന് അഡ്വാൻസ് നൽകുന്നതിന് മുൻപ്, ബ്രാൻഡ് നെയിം, ട്രേഡ്‌മാർക്, ലോഗോ, ബോട്ടിൽ ഡിസൈൻ, വെബ് വിലാസം, സ്‌ഥാപനത്തിനുള്ള പേര് (ബ്രാൻഡ് നെയിം അല്ല) എന്നിവയിൽ തീരുമാനം എടുത്തിരിക്കണം. അത് പോലെ ആവശ്യമായ ലൈസൻസുകൾ ഉൾപ്പടെയുള്ള കാര്യങ്ങളിലും വിപണി പഠനവും നടത്തിയിരിക്കണം. നിർമാണ ആവശ്യത്തിനുള്ളതും പാക്കിംഗ് ആവശ്യവുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളിലും വ്യക്‌തത കൈവന്നിട്ടുണ്ടങ്കിൽ മാത്രം കെട്ടിടത്തിന് അഡ്വാൻസ് നൽകുക.

Fish Pickle_Malabar News

ആറാംഘട്ടം:

ആവശ്യമായ സ്ഥിരനിക്ഷേപം, മെഷിനറികൾ, ആവർത്തന നിക്ഷേപം അഥവാ ഇടക്കിടക്ക് വാങ്ങേണ്ടി വരുന്ന സാധനങ്ങൾ, രണ്ടു ജോലിക്കാർ എല്ലാത്തിനും കൃത്യമായ (തെറ്റാൻ സാധ്യത ഇല്ലാത്ത) കണക്ക് ആദ്യമേ ഉണ്ടാക്കുക. മെഷിനറികൾ വാങ്ങാൻ പോകുമ്പോഴും വരുമ്പോഴും ഉള്ള ചെലവുകൾ ഉൾപ്പടെ.

400 ബോട്ടിൽ അഥവാ 100 കിലോ അച്ചാർ ദിവസവും വിൽക്കാൻ കഴിയുമെങ്കിൽ മാത്രമേ ഈ രീതിയിൽ ആരംഭിക്കാൻ സാധിക്കു. അതല്ലങ്കിൽ സ്വന്തം വീട്ടിൽ നിന്ന് ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് സ്വയം സംരംഭമായി മാത്രം മുന്നോട്ടു കൊണ്ട് പോകുക. ആരെയും ജോലിക്കെടുക്കാതെ സ്വയം സംരംഭമായി കൊണ്ടുപോകുമ്പോൾ 40 ബോട്ടിൽ വിറ്റാലും ചെലവ് കഴിച്ചു 1000 രൂപ മിച്ചം വെക്കാം.

200/250 കി.ഗ്രാം തിക്കും വരുന്ന 400 ബോട്ടിൽ ദിവസവും വിൽക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. വിശേഷിച്ചും നിലവാരമുള്ള അച്ചാറാണങ്കിൽ വേഗത്തിൽ വിറ്റുപോകും. പരീക്ഷണ നിർമാണം രണ്ടോ മൂന്നോ വട്ടം വീട്ടിൽ വെച്ച് ചെയ്‌തുനോക്കിയ ശേഷം ലാഭനഷ്‌ട കണക്കുകൾ തീരുമാനിക്കുന്നതാണ് ഏറ്റവും ബുദ്ധിപരമായ തീരുമാനം.

ഏഴാംഘട്ടം:

വിപണിയിലേക്ക്‌ ഇറങ്ങുക. ഇതിനായി നമ്മുടെ ബ്രാൻഡ് നെയിം പതിച്ച ഒരു ഗുഡ്‌സ് ഓട്ടോ ഉപയോഗിക്കാം. ഷെൽഫ് ലൈഫ് അഥവാ സൂക്ഷിച്ചു വെക്കാവുന്ന ഏറ്റവും കൂടിയ സമയം ലൈസൻസ് ഘട്ടത്തിൽ നാം മനസിലാക്കി വെച്ചിട്ടുണ്ടാകും. അതിൽ നിന്ന് ഒരു മാസമെങ്കിലും കുറച്ചാണ് നമ്മുടെ ബോട്ടിലിൽ രേഖപ്പെടുത്തേണ്ടത്. ഇത് ഗുണ നിലവാരം ഉറപ്പ് വരുത്താൻ നല്ലതാണ്.

ഗുണ നിലവാരം ഉറപ്പ് വരുത്താനും സ്‌ഥിരമായി നിലനിറുത്താനും ആവശ്യമായ എല്ലാം പരമാവധി ചെയ്യാൻ ശ്രമിക്കുക. തീർച്ചയായും വിജയിക്കാം. കടകളിൽ ഏറ്റവും കുറഞ്ഞ പീസ് വെക്കുക. കടകളിൽ തൂക്കിയിടാവുന്ന ചെലവ് കുറഞ്ഞതും വിത്യസ്‌തവുമായ ഫ്ളയറുകൾ നൽകാം. കടം നൽകാതിരിക്കാൻ ആവശ്യമായ സ്‌കീമുകൾ വർക്ഔട്ട് ചെയ്യുക. ലഭിക്കുന്ന ലാഭത്തിലെ ഒരു വിഹിതം വിപണി വളർത്താനായി സൂക്ഷ്‌മതയോടെ നിക്ഷേപിക്കുക. വിജയാശംസകൾ.

Most Read: കേന്ദ്ര ഏജൻസികളുടെ ജോലികള്‍ ഭാരിച്ചതാണ്; അത് ഇടതിനേയും വലതിനേയും വിടില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE