ജാതിവെറിയുടേയും സ്‌ത്രീ വിരോധത്തിന്റേയും അനന്തരഫലം; ഹത്രസ് വസ്‌തുതാന്വേഷണ റിപ്പോർട്ട് പുറത്ത്

By Desk Reporter, Malabar News
hathras-case_2020-Oct-21
മേധാ പട്കർ, മണിമാല എന്നിവർ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു
Ajwa Travels

ന്യൂഡെൽഹി: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ വസ്‌തുതാന്വേഷണ റിപ്പോർട്ട് പുറത്ത്. നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റാണ് (NAPM) റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തക മേധാ പട്കര്‍, എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ മണിമാല എന്നിവരടക്കമുള്ള സംഘമാണ് പീഡനം നടന്ന ഹത്രസിലെ ബുൾ​ഗാരി ​ഗ്രാമം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.

“ മഹാരാഷ്‌ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ നടന്ന ഖൈർലഞ്ജി കൊലപാതകത്തിന് ശേഷം 14 വർഷം കഴിഞ്ഞ്, അതേ തിയ്യതിയിൽ, അതായത് സെപ്റ്റംബർ 29ന്, ഹത്രസിൽ മറ്റൊരു ദളിത് പെൺകുട്ടിയുടെ ബലാൽസം​ഗത്തിനും കൊലപാതകത്തിനും നമ്മൾ സാക്ഷ്യം വഹിച്ചു. ജാതി, സ്‌ത്രീവിരോധം, അസമത്വം, അനീതി എന്നിവയുടെ അനന്തരഫലമാണ് ഈ അതിക്രമം”- റിപ്പോർട്ടിൽ പറയുന്നു.

സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിൽ നിന്ന് രേഖാമൂലമുള്ള അനുമതി നേടിയ ശേഷം, ഒക്‌ടോബർ  9ന് അഞ്ച്, നാല് അംഗങ്ങളുള്ള രണ്ട് വ്യത്യസ്‌ത ഗ്രൂപ്പുകളായാണ് സംഘം പെൺകുട്ടിയുടെ കുടുംബവുമായി സംസാരിക്കാൻ ഗ്രാമത്തിലെത്തിയത്. ഗ്രാമത്തിലെ ഒരു ന്യൂനപക്ഷമെന്ന നിലയിൽ ദളിതർ പതിറ്റാണ്ടുകളായി നിരവധി അടിച്ചമർത്തലിനും അക്രമങ്ങൾക്കും ഇരയാകുന്നുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു.

Related News:  എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്?

ഉന്നതജാതിക്കാരായ ഠാക്കൂർ സമുദായം ദളിതരെ കാർഷിക തൊഴിലാളികളായി ഉപയോഗിച്ചു. ഗ്രാമത്തിലെ ദളിതർ പ്രധാനമായും കന്നുകാലികളെ വളർത്തുന്നതിലൂടെയാണ് വരുമാനം നേടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു ദളിത് കുടുംബത്തിന് 1990കളിൽ മായാവതിയുടെ സർക്കാർ 5 ബിഗാസ് ഭൂമി അനുവദിച്ചു. എന്നാൽ ഇപ്പോഴും, ഇവരുടെ പക്കലുള്ളത് മൂന്നര ബിഗാസ് മാത്രമാണ്, ബാക്കിയുള്ളവ ചില ബ്രാഹ്‌മണ കുടുംബങ്ങൾ കയ്യേറിയെന്നും റിപ്പോർട്ടിൽ പറയുന്നു.

കന്നുകാലി വളർത്തലുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മുത്തച്ഛനെ പ്രതികളുടെ മുത്തച്ഛൻ അക്രമിക്കുകയും കൈ മുറിച്ചുകളയുകയും ചെയ്‌ത ഒരു പഴയ സംഭവത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നു. എന്നാൽ കഴിഞ്ഞ 20 വർഷമായി രണ്ട് കുടുംബങ്ങളും തമ്മിൽ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല, അതിനാൽ സെപ്റ്റംബർ 14ലെ സംഭവം തീർത്തും അപ്രതീക്ഷിതവും അനാവശ്യവുമായിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Related News:  ജേർണലിസ്‌റ്റ് സിദ്ദീഖ് കാപ്പൻ; യോഗി സർക്കാറിന്റെ ‘ഭയം’ ഉൽപ്പാദിപ്പിക്കാനുള്ള ഇന്ധനമോ?

ജില്ലാ ആശുപത്രിയിൽ നിന്ന് മാറ്റിയതിനു ശേഷം പെൺകുട്ടിയെ ചികിൽസിച്ച എ‌എം‌യു ജെ‌എൻ‌എം‌സി ആശുപത്രിക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഈ കേസിന്റെ തുടക്കം മുതൽ ആശുപത്രി അധികൃതർ ‘കടുത്ത സമ്മർദ്ദം’ അനുഭവിച്ചിരുന്നുവെന്നും ചികിൽസയിൽ സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പെൺകുട്ടിയുടെ ശരീരം മുഴുവൻ ഡോക്‌ടർമാർ പരിശോധിക്കേണ്ടിയിരുന്നു, എന്നാൽ, ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഒന്നും ഡോക്‌ടർമാർ പരിശോധിച്ചിട്ടില്ല, പെൺകുട്ടിയുടെ വീട്ടുകാരോട് ഒന്നും ചോദിച്ചറിയാൻ തയ്യാറായില്ല. പെൺകുട്ടി തന്നെ സത്യം വിളിച്ചു പറയുകയായിരുന്നു. ആശുപത്രി അധികൃതർ മനപ്പൂർവം സമയം കളയുകയായിരുന്നു. വൈകി നടത്തുന്ന പരിശോധനയിൽ ഒരിക്കലും ബലാൽസം​ഗം തെളിയിക്കാനാകില്ലെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. കേസിൽ പോലീസിന്റെ ഇടപെടൽ സംശയാസ്‌പദമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read:   ‘നിനക്ക് ജമ്മുവിൽ ശവക്കുഴി വെട്ടും’; കത്‌വാ കേസ് അഭിഭാഷകക്ക് നേരെ കൊലവിളിയുമായി ഹിന്ദുത്വ വാദികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE