ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പോലീസ് അലംബാവം തുടരുമ്പോഴും യുപി സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങൾ തുടരുന്നു. ഹത്രസ് സംഭവത്തിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെ ഉത്തർപ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. ഹത്രസ് സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കലാപത്തിന് ആസൂത്രണം നടത്തിയിട്ടുണ്ട് എന്നുമാണ് പോലീസ് പറയുന്നത്. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആളുകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പുതിയ എഫ്ഐആർ തയ്യാറാക്കിയിരിക്കുകയാണ് യുപി പോലീസ്.
രാജ്യദ്രോഹക്കുറ്റം, ക്രിമിനൽ ഗൂഢാലോചന, കലാപത്തിന് ആസൂത്രണം ചെയ്യുക തുടങ്ങി ആറോളം വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഹത്രസിലെ ചാന്ദ് പോലീസ് സ്‌റ്റേഷനിലാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്.
സർക്കാരിനെതിരെ വലിയ ഗൂഢാലോചന നടക്കുന്നു എന്നും വികസന പ്രവർത്തനങ്ങൾ വലിയതോതിൽ നടക്കുമ്പോൾ അതിനെതിരായ ആസൂത്രിത നീക്കമാണെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ് മണിക്കൂറുകൾക്ക് അകമാണ് പോലീസിന്റെ പുതിയ എഫ്ഐആർ എന്നതും ശ്രദ്ധേയമാണ്.
Must Read: യോഗി സര്‍ക്കാര്‍ ആരുടെ കൂടെ എന്ന് വ്യക്‌തം; പ്രശാന്ത് ഭൂഷണ്‍
അതേസമയം, ഹത്രസ് പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യുപി സർക്കാരിന്റേയും പോലീസിന്റെയും ഭാഗത്തു നിന്ന് ഗുരുതര വീഴ്‌ച പറ്റിയതിന് ഓരോ ദിവസവും പുതിയ തെളിവുകൾ പുറത്തു വരുന്നതിന് ഇടയിലാണ് ഗുരുതര വകുപ്പുകൾ ചുമത്തിയുള്ള പുതിയ എഫ്ഐആർ വരുന്നത്. ഹത്രസ് സംഭവത്തിൽ യോഗി സർക്കാരിനും ബിജെപിക്കും എതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ മുനയൊടിക്കുകയും പ്രതിഷേധക്കാരെ ഭയപ്പെടുത്തുകയും ആണ് പുതിയ എഫ്ഐആറിന്റെ ലക്ഷ്യമെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു.
ഒപ്പം പെൺകുട്ടി ബലാൽസംഗത്തിന് ഇരയായിട്ടില്ലെന്ന പോലീസിന്റെയും ഫോറൻസിക് സംഘത്തിന്റെയും വാദത്തെ ഖണ്ഡിക്കുന്ന പ്രസ്‌താവനകളും ഡോക്‌ടർമാരുടെ ഭാഗത്തു നിന്നും വരുന്നുണ്ട്. പെൺകുട്ടി ബലാൽസംഗത്തിന് ഇരയായിട്ടില്ലെന്ന് പറയുന്ന പോലീസിന്റെ വാദത്തിന് വിലയില്ലെന്നാണ് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി (എ എം യു) ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നത്. താൻ ബലാൽസംഗം ചെയ്യപ്പെട്ടെന്ന് പെൺകുട്ടി പറഞ്ഞ് 11 ദിവസം കഴിഞ്ഞു മാത്രമാണ് സാമ്പിളുകൾ ശേഖരിച്ചത്. സംഭവത്തിൽ 96 മണിക്കൂർ വരെ മാത്രമേ ഫോറൻസിക് തെളിവുകൾ കണ്ടെത്താൻ കഴിയൂവെന്നും അതുകൊണ്ട് ഈ കേസിൽ ബലാൽസംഗം സ്ഥിരീകരിക്കാൻ ഈ റിപ്പോർട്ടിന് കഴിയില്ലെന്നും സിഎംഒ ഡോ. അസീം മാലിക് പറയുന്നു.
Also Read: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുത്ത് യു പി പോലീസ്