ന്യൂഡെൽഹി: കോവിഡ് നിയന്ത്രണ വിധേയമായതായി വ്യക്‌തമാക്കി ഡെൽഹി ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിൻ. കൂടാതെ രാജ്യ തലസ്‌ഥാനത്ത് വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ കുറഞ്ഞേക്കുമെന്നും, പോസിറ്റിവിറ്റി നിരക്ക് വച്ച് കേസുകളുടെ കുതിച്ചുചാട്ടമുണ്ടോ ഇല്ലയോ എന്നത് നിര്‍ണയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഡെൽഹിയിൽ ഇന്നും 25,000ത്തോളം കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടായെങ്കിലും, ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട കേസുകളില്‍ സ്‌ഥിരത വന്നിട്ടുണ്ട്. ഇപ്പോഴും നിരവധി കിടക്കകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളിൽ കോവിഡ് കേസുകൾ കുറഞ്ഞാൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം കോവിഡ് കേസുകളിൽ കുതിച്ചുചാട്ടം ഉണ്ടായ മുംബൈയിലും നിലവിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ രാജ്യത്തെ മുഴുവൻ കണക്കുകൾ പരിശോധിക്കുമ്പോൾ വലിയ വർധനയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിലും രാജ്യത്ത് 2 ലക്ഷത്തിനടുത്ത് കോവിഡ് ബാധിതർ ഉണ്ടായിട്ടുണ്ട്.
Read also: ഡി-ലിറ്റ് വിവാദത്തിൽ വിസിക്കും മുഖ്യമന്ത്രിക്കും തെറ്റുപറ്റി; രമേശ് ചെന്നിത്തല