കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് കോടതിയിൽ വീണ്ടും തിരിച്ചടി. കേസിൽ മെമ്മറി കാർഡ് ചോർന്നെന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ദിലീപിന്റെ ഉപഹരജി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. അതിജീവിത നൽകിയ ഹരജി വിധി പറയാനും മാറ്റി.
മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ നൽകിയ പരാതിയിൽ കോടതിയെ സഹായിക്കാൻ അഡ്വ. രഞ്‌ജിത് മാരാരെ അമിക്കസ് ക്യൂരിയായും ഹൈക്കോടതി നിയമിച്ചു. കേസിൽ വാദം കേട്ട ജഡ്‌ജി വിധി പറയുന്നത് തടയുകയാണ് അതിജീവിതയുടെ ഹരജിയുടെ ഉദ്ദേശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ്, വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന് ദിലീപ് ആവശ്യമുന്നയിച്ചത്.
അതേസമയം, ഇരയെന്ന നിലയിൽ തന്റെ മൗലികാവകാശം സംരക്ഷിക്കാൻ കോടതിക്ക് ഉത്തരവാദിത്തം ഉണ്ടെന്നായിരുന്നു അതിജീവിതയുടെ വാദം. അതിന് അന്വേഷണം നടക്കണമെന്നും സംഭവത്തിന് പിന്നിലെ പ്രതികളെ പുറത്തുകൊണ്ടുവരണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഇതിനെ സംസ്‌ഥാന സർക്കാരും പിന്തുണച്ചു. തുടർന്ന് ഹൈക്കോടതി ഈ ഹരജിയിൽ വിധി പറയാൻ മാറ്റുകയായിരുന്നു.
Most Read| ‘മുഖ്യമന്ത്രി ഇരട്ടചങ്കനല്ല, ഓട്ടചങ്കനാണ്’; വിമർശിച്ചു വിഡി സതീശൻ