തിരുവനന്തപുരം: ശക്‌തമായ മഴയും മോശം കാലാവസ്‌ഥയും തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള യാത്ര നിരോധിച്ചു. കളക്‌ടർ നവ്ജ്യോത് ഖോസയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മലയോര മേഖലകളിലേക്കുള്ള യാത്രക്ക് വിലക്ക് തുടരും.
കൂടാതെ അതിശക്‌തമായ മഴ തുടരുന്നതിനാൽ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറി താമസിക്കേണ്ട സ്‌ഥലങ്ങളിൽ നിന്നും ആളുകൾ മാറി താമസിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ തീര പ്രദേശങ്ങളിൽ കടലാക്രമണം ശക്‌തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്നും, ആവശ്യമെങ്കിൽ മാറി താമസിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവേണ്ടതുണ്ട്. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം. ശക്‌തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ലെന്നും അധികൃതർ നിർദ്ദേശിച്ചു. അണക്കെട്ടുകൾക്ക് താഴെ താമസിക്കുന്ന ആളുകളും, മലയോര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളും ജാഗ്രത പുലർത്തണം.
Read also: പരാതി നൽകാനെത്തിയ മോഫിയയുടെ സുഹൃത്തുക്കളെ കസ്‌റ്റഡിയിൽ എടുത്തു; പ്രതിഷേധം