എത്ര പേരെ അറസ്‌റ്റ് ചെയ്‌തു? യുപി സർക്കാർ നാളെ റിപ്പോർട് നൽകണം; സുപ്രീം കോടതി

By Desk Reporter, Malabar News
Supreme Court on Lakhimpur-kheri-incident

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകരും ഒരു മാദ്ധ്യമ പ്രവർത്തകനും ഉൾപ്പടെ ഒൻപത് പേർ മരിക്കാനിടയായ സംഭവത്തിൽ ഇതുവരെ എത്രപേരെ അറസ്‌റ്റ് ചെയ്‌തു എന്ന ചോദ്യവുമായി സുപ്രീം കോടതി. വിഷയത്തിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. കേസിൽ നാളെ സ്‌റ്റാറ്റസ് റിപ്പോർട് സമർപ്പിക്കണമെന്ന് യുപി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

“കർഷകർ, പത്രപ്രവർത്തകർ തുടങ്ങി കൊല്ലപ്പെട്ട മുഴുവൻപേരെ കുറിച്ചും സ്‌റ്റാറ്റസ് റിപ്പോർട്ടിൽ ഉണ്ടായിരിക്കണം. ഇത് ഒരു നിർഭാഗ്യകരമായ സംഭവമാണ്. നിങ്ങൾ ആർക്കെതിരെയാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതെന്ന്‌ പറയൂ. നിങ്ങൾ എത്ര പേരെ അറസ്‌റ്റ് ചെയ്‌തു?,” സുപ്രീം കോടതി ചോദിച്ചു.

രണ്ട് അഭിഭാഷകരാണ് ലഖിംപൂർ ഖേരി സംഭവത്തിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. “അധികാരികളുടെ അശ്രദ്ധമൂലം നിരവധി കർഷകർ മരിച്ചു. ഈ വിഷയത്തിൽ കോടതി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. ഇത് മനുഷ്യാവകാശ ലംഘനമാണ്,”- ഹരജിയിൽ പറയുന്നു. യുപി സർക്കാർ ജനാധിപത്യ പ്രക്രിയയിൽ ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു.

എന്നാൽ, എഫ്ഐആർ ഫയൽ ചെയ്‌തിട്ടുണ്ടെന്നും മുൻ ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ആരോപണങ്ങൾ പരിശോധിക്കുമെന്നും ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു. നിങ്ങൾ ശരിയായ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്നും ശരിയായ അന്വേഷണം നടക്കുന്നില്ല എന്നതുമാണ് പരാതി എന്ന് യുപി സർക്കാരിന്റെ അവകാശവാദത്തിന് മറുപടിയായി ചീഫ് ജസ്‌റ്റിസ്‌ രമണ പറഞ്ഞു.

സംഭവത്തിൽ കൊല്ലപ്പെട്ട കർഷകരിൽ ഒരാളുടെ മാതാവ് ഗുരുതരാവസ്‌ഥയിൽ ആണെന്ന വിവരം ഹരജിയിൽ വാദം കേൾക്കുന്നതിനിടെ കോടതിക്ക് ലഭിച്ചതായും ചീഫ് ജസ്‌റ്റിസ്‌ പറഞ്ഞു. “ഹിയറിംഗിനിടെ, മരണപ്പെട്ടവരിൽ ഒരാളുടെ മാതാവ് മകന്റെ മരണത്തെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ആണെന്ന സന്ദേശം ഞങ്ങൾക്ക് ലഭിച്ചു. ഉടൻ തന്നെ വൈദ്യസഹായം നൽകാൻ യുപി സർക്കാരിനോട് ഞങ്ങൾ നിർദ്ദേശിക്കുന്നു. അവരെ അടുത്തുള്ള സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുക,”- സുപ്രീം കോടതി ഉത്തരവിട്ടു.

ചീഫ് ജസ്‌റ്റിസ്‌ എൻവി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിന് ഇടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം പാഞ്ഞുകയറിയാണ് ഒൻപത് പേർ കൊല്ലപ്പെട്ടത്. സംഭവം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. ചൊവ്വാഴ്‌ച, ഉത്തർപ്രദേശ് പോലീസ് ആശിഷ് മിശ്രക്കും മറ്റുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തുവെങ്കിലും ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.

Most Read:  കൈകൾ കൊണ്ട് ഗിന്നസിലേക്ക് ഓടിക്കയറി സയോൺ ക്ളാർക്ക്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE