കൊറോണയോടൊപ്പം മറ്റ് പകർച്ചവ്യാധി ‘വില്ലൻമാരെയും’ തടയാം; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനത്തോടൊപ്പം സംസ്‌ഥാനത്ത്‌ കനത്ത മഴയും തുടരുകയാണ്. പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഡ്രൈ ഡേ ആചരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മഴ വരുന്നതിന് മുന്നോടിയായി ശുചീകരണം, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി മഴക്കാലം നേരിടാനായി കേരളത്തെ സജ്‌ജമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു.

കോവിഡിന്റെ വലിയ പോരാട്ടം നടത്തുന്നതിനിടയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം കൂടി ശ്രദ്ധിക്കണം. കോവിഡ് പോസിറ്റീവായി ആള്‍ക്കാര്‍ കഴിയുന്ന വിവിധ കേന്ദ്രങ്ങളുടെ പരിസരം ശുചിയാക്കണം. ഈ സമയത്ത് മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മറ്റ് പനികളും ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ എല്ലാ പനിയും കോവിഡ് മൂലമാണെന്ന് കരുതരുത്. ശരിയായ ചികിൽസ തേടിയില്ലെങ്കില്‍ ഇവ മരണ കാരണമായേക്കാം. കോവിഡിനെ നേരിടുന്നതിനോടൊപ്പം തന്നെ മറ്റ് പകര്‍ച്ചവ്യാധികളേയും നേരിടുന്നതിനാവശ്യമായ മനുഷ്യവിഭവ ശേഷിയും മറ്റ് സാമഗ്രികളും സമാഹരിച്ച് സജ്‌ജമാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

പകര്‍ച്ച വ്യാധികളും പകര്‍ച്ചേതര വ്യാധികളും തടയാന്‍ വളരെ ശാസ്‌ത്രീയമായ പ്രവര്‍ത്തനങ്ങളാണ് സംസ്‌ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു വശത്ത് ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാന്‍ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരികയാണ്. അതോടൊപ്പം നിരവധി പകര്‍ച്ചവ്യാധികളെ തടയാനും പദ്ധതികളിട്ടിട്ടുണ്ട്. 2018 ജനുവരി മുതല്‍ ആരോഗ്യ ജാഗ്രത ക്യാംപയിൻ ആരംഭിച്ചുകൊണ്ട് പകര്‍ച്ച വ്യാധിക്കെതിരായ പോരാട്ടം നാം ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

‘പ്രതിദിനം പ്രതിരോധം’ എന്ന മുദ്രാവാക്യമാണ് നമ്മളിപ്പോള്‍ ഉയര്‍ത്തുന്നത്. എല്ലാ വര്‍ഷവും അതതു വര്‍ഷത്തെ ആരോഗ്യ ജാഗ്രത ക്യാംപയിൻ ചാര്‍ട്ട് ചെയ്‌ത്‌ കൃത്യമായി സമയബന്ധിതമായി ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ നിശ്‌ചയിച്ച്‌ മുന്നോട്ട് പോയിട്ടുണ്ട്. അതിന് നല്ല ഫലവും ലഭിച്ചിട്ടുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങള്‍ കുറച്ചുകൊണ്ടുവരാനും ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മെയ് 16 ഡെങ്കിപ്പനി വിരുദ്ധ ദിനം ഡ്രൈ ഡേയായി ആചരിക്കുകയാണ്. ഒരു ദിവസം മാത്രം ആചരിക്കുന്നതിന് പകരം ഇടക്കിടെ ഡ്രൈ ഡേ ആചരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കൊതുക് മുട്ടയിട്ട് വളരുന്ന എല്ലാ ഉറവിടങ്ങളെയും നശിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം പരിസര ശുചിത്വവും വ്യക്‌തി ശുചിത്വവും ഏറെ പ്രധാനമാണ്. നാം സാധാരണ ചെയ്യുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളും ക്‌ളോറിനേഷനും തുടരണം.

ഇതിന് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ മുന്‍കൈയെടുക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകളും അതു ചെയ്യണം. ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന ഉണ്ടാകണം. വാര്‍ഡിലെ ജെപിഎച്ച്‌എൻമാരും (Junior Public Health Nurses) ജെഎച്ച്‌ഐമാരും ആശാ പ്രവര്‍ത്തകരും ഇതിന് നേതൃത്വം നല്‍കും. വോളണ്ടിയര്‍മാരും ഉണ്ടാകണം.

പ്‌ളാന്റേഷന്‍ മേഖലകളില്‍ തദ്ദേശഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉടമകളുടെയും തൊഴിലാളികളുടെ സഹകരണത്തോടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വെള്ളപ്പൊക്കമുള്ളപ്പോഴും മഴക്കാലത്തും എലിപ്പനി കൂടുതലായി റിപ്പോർട് ചെയ്യുമെന്നതിനാല്‍ വെളളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് പ്രത്യേകിച്ച് ശുചീകരണം, രക്ഷാപ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്‌ളിന്‍ നല്‍കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം.

ക്യാംപുകളിൽ ഉപയോഗിക്കുന്ന വെളളം ശുദ്ധമാണെന്നും തിളപ്പിച്ചാറിയ വെള്ളമാണ് കുടിക്കുന്നതെന്നും ഉറപ്പാക്കണം. അതിഥി തൊഴിലാളികളുടെ വാസസ്‌ഥലങ്ങളിലും ലേബര്‍ ക്യാംപുകളിലും ശുചിത്വം ഉറപ്പാക്കുവാനും പകര്‍ച്ചവ്യാധി നിരീക്ഷണം ഊർജ്‌ജിതമാക്കുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്‌എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടർ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഡോ. ആര്‍ രമേഷ്, വിവിധ ജില്ലകളിലെ ഡിഎംഒ, ഡിപിഎം, ഡിഎസ്‌ഒ വിവിധ ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Also Read: ഇന്ത്യ, യുകെ കോവിഡ് വകഭേദങ്ങൾക്ക് കൊവാക്‌സിൻ ഫലപ്രദം; ഭാരത് ബയോടെക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE