ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കുമെന്ന് വ്യക്‌തമാക്കി പോലീസ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അയൽവാസി കൂടിയായ ചൂരക്കുളം എസ്‌റ്റേറ്റിലെ അർജുൻ(21) ആണ് കേസിലെ പ്രതി. ഇയാൾക്കെതിരെ ബലാൽസംഗം, കൊലപാതകം, പോക്‌സോ ഉൾപ്പടെയുള്ള 6 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
36 സാക്ഷികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. കൂടാതെ 150ൽ അധികം ആളുകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കുറ്റപത്രം സമർപ്പിക്കുന്നതോടെ പ്രതിയെ അറസ്‌റ്റ് ചെയ്‌ത് 78 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് സാധിക്കും. കേസിൽ പ്രതിക്ക് ലഭിക്കുന്ന സ്വാഭാവിക ജാമ്യം തടയാനും, പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കുന്നത്.
കഴിഞ്ഞ ജൂൺ 30ആം തീയതിയാണ് വണ്ടിപ്പെരിയാർ ചൂരക്കുളം എസ്‌റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതി മൂന്ന് വർഷമായി പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. പെൺകുട്ടിയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്ന അർജുന്, അവരുടെ വീട്ടിൽ ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത് മുതലെടുത്താണ് അർജുൻ കുട്ടിയെ പീഡിപ്പിച്ചത്.
സംഭവം നടന്ന ദിവസം കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, തുടർന്ന് ബോധരഹിതയായപ്പോൾ ഷാളിൽ കെട്ടിത്തൂക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. പ്രതി അർജുൻ അശ്ളീല വീഡിയോകൾക്ക് അടിമയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Read also: ചെമ്പ്ര പീക്കിലെ പ്രവേശന ടിക്കറ്റ് ജീവനക്കാർ മറിച്ചു നൽകുന്നതായി ആരോപണം