ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ യുപി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. കൊലക്കേസ് പ്രതിയോട് എന്തിനാണ് ഇത്ര ഉദാരമായ സമീപനം സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. കൊലപാതകത്തിന് കേസെടുത്തിട്ടും എന്തുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്യാത്തത്? മറ്റ് കൊലപാതക കേസുകളിലും നിങ്ങൾ പ്രതികളെ ഇതേ രീതിയിലാണോ പരിഗണിക്കാറ്? ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ ഞങ്ങൾ തൃപ്‌തരല്ല; സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
എന്ത് സന്ദേശമാണ് യുപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്? കേസില്‍ ഉള്‍പ്പെട്ടവര്‍ ഉന്നതരായതിനാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലും കാര്യമില്ല. കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാന്‍ ഡിജിപിക്ക് കോടതി നിർദ്ദേശം നല്‍കി.
അതേസമയം, ആശിഷ് മിശ്ര ചോദ്യം ചെയ്യലിനായി പോലീസിന് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ ശനിയാഴ്‌ച രാവിലെ 11 വരെ സമയം നൽകിയിട്ടുണ്ടെന്നും കോടതിയുടെ വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയായി യുപി സർക്കാർ പറഞ്ഞു. ആശിഷ് മിശ്ര ശനിയാഴ്‌ച പോലീസിന് മുന്നിൽ ഹാജരാകാതിരുന്നാൽ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും യുപി സർക്കാർ കോടതിയെ അറിയിച്ചു.
കേസിലെ തെളിവുകൾ നശിപ്പിക്കപ്പെടരുത് എന്ന മുന്നറിയിപ്പും സുപ്രീം കോടതി യുപി സർക്കാരിന് നൽകി. “ഇപ്പോൾ അന്വേഷണം നടത്തുന്ന ഉദ്യോഗസ്‌ഥർ അതിൽ തുടരുന്നതിൽ കോടതിക്ക് താൽപര്യമില്ല. അവരുടെ പെരുമാറ്റം കാരണം, നല്ല അന്വേഷണം നടക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. അവിടെയുള്ള തെളിവുകൾ അവർ നശിപ്പിക്കരുത്. തെളിവുകൾ സംരക്ഷിക്കാൻ ഡിജിപി എല്ലാ നടപടികളും സ്വീകരിക്കണം,”- കോടതി പറഞ്ഞു.
“ഒരു അന്വേഷണം നടത്തുന്നതിനുള്ള ഇതരമാർഗങ്ങളും പരിശോധിക്കും. തെളിവുകൾ സംരക്ഷിക്കാൻ സംസ്‌ഥാനത്തെ ഉന്നത ഉദ്യോഗസ്‌ഥരുമായി ആശയവിനിമയം നടത്തും,”- യുപി സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു.
പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്തില്‍ വെടിയേറ്റതിന്റെ മുറിവുകളില്ലെന്ന് ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. രണ്ട് തിരകള്‍ കണ്ടെത്തിയിട്ടുണ്ട്. ആരോപണവിധേയനായ ആള്‍ക്ക് തെറ്റായ ലക്ഷ്യം ഉണ്ടായിരുന്നിരിക്കാം എന്നും സാല്‍വെ വാദിച്ചു. ഹരജി ഒക്‌ടോബർ 20ന് കോടതി വീണ്ടും പരിഗണിക്കും.
Most Read: കശ്‌മീരികൾക്ക് നേരെയുള്ള ആക്രമണം വേദനാജനകം, സുരക്ഷ ഉറപ്പാക്കണം; പ്രിയങ്ക