ഗാസ ആക്രമണം; യുഎന്‍ പ്രമേയത്തെ തടഞ്ഞതിന് പിന്നാലെ വെടിനിര്‍ത്തല്‍ പ്രസ്‌താവനയുമായി യുഎസ്

By News Desk, Malabar News
Ajwa Travels

ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രയേല്‍ അക്രമം അവസാനിപ്പിച്ച് നയതന്ത്ര പരിഹാരം തേടണമെന്ന് ആവശ്യപ്പെടുന്ന ഐക്യരാഷ്‌ട്ര സഭാ സുരക്ഷാ സമിതിയുടെ പ്രമേയത്തിന് തടയിട്ട അമേരിക്ക, അതേസമയത്ത് തന്നെയാണ് സമാധാന ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടി രംഗത്തുവന്നത്.

അക്രമം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎന്‍ പ്രമേയത്തിന് അമേരിക്ക തടയിട്ടിരുന്നു. യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ കഴിഞ്ഞ ദിവസത്തെ ഇസ്രയേല്‍ അനുകൂല പ്രസ്‌താവനക്ക് പിന്നാലെയാണ്, യുഎന്‍ ശ്രമം അമേരിക്ക തടസപ്പെടുത്തിയത്.

അതേസമയത്ത് തന്നെയാണ് വൈറ്റ് ഹൗസ് ജോ ബൈഡന്റെ പുതിയ പ്രസ്‌താവന പുറത്തുവിട്ടത്. ഇസ്രയേല്‍ പ്രധാനമന്ത്രിയെ ബൈഡന്‍ ഫോണില്‍ വിളിച്ച് സംസാരിച്ച കാര്യമാണ് പ്രസ്‌താവനയില്‍ പറയുന്നത്.

‘ഗാസയിലെ ഹമാസിനും മറ്റ് ഭീകരവാദ സംഘങ്ങള്‍ക്കുമെതിരെ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടിയുടെ പുരോഗതി ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തു. നിരപരാധികളായ സിവിലിയന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്താന്‍ ബൈഡന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചു. ഈജിപ്‌ത് അടക്കമുള്ള പങ്കാളികളുമായി ചേര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് വിരാമം കാണാനുള്ള യുഎസ് ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‌ത ബൈഡന്‍ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചു.’ -ഇതാണ് വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്‌താവന.

അമേരിക്ക ഇസ്രയേലിനെ പിന്തുണക്കുമ്പോഴും, ലോകമാകെ ഗാസയില്‍ നടത്തുന്ന സിവിലിയന്‍ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. സിവിലിയന്‍മാരുടെ കൊലപാതകങ്ങളും കെട്ടിടങ്ങളും മറ്റും തകര്‍ക്കുന്ന നടപടിയും അവസാനിപ്പിക്കണമെന്ന് അമേരിക്ക ഒഴികെയുള്ള ലോകനേതാക്കളും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

എട്ടു ദിവസം നീണ്ട ഇസ്രയേലി ആക്രമണങ്ങളില്‍ 62 കുട്ടികളും 38 സ്‍ത്രീകളും അടക്കം 212 പലസ്‌തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1500 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഗാസയിലെ ആരോഗ്യ വിഭാഗം അറിയിച്ചു. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഗാസയില്‍ നൂറു കണക്കിന് വീടുകളും കെട്ടിടങ്ങളും അഭയാര്‍ഥി ക്യാംപ് പോലും ആക്രമിക്കപ്പെട്ടതായും തകര്‍ക്കപ്പെട്ടതായും ഹമാസ് വൃത്തങ്ങള്‍ പറയുന്നു. എല്ലാ ശക്‌തിയും ഉപയോഗിച്ച് ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ ഇന്നും ഗാസയില്‍ നിരവധി റോക്കറ്റ് ആക്രമണങ്ങള്‍ നടത്തി.

അതിനിടെ, ഗാസക്ക് പുറമേ ഇസ്രയേല്‍ പുതിയ യുദ്ധമുഖം കൂടി തുറന്നതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട് ചെയ്‌തു. അയല്‍ രാജ്യമായ ലബനോനു നേരെ ഇസ്രയേല്‍ ഷെല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്. തെക്കന്‍ ലബനോനില്‍ നിന്ന് ആറു റോക്കറ്റ് ആക്രമണങ്ങള്‍ തങ്ങള്‍ക്കു നേര്‍ക്കുണ്ടായെന്നും അവ പരാജയപ്പെടുത്തിയെന്നും ഇസ്രയേല്‍ അറിയിച്ചു.

ഇതിനു തിരിച്ചടിയായാണ് ലബനോന് നേര്‍ക്ക് ഷെല്‍ ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു. എന്നാല്‍, ഇസ്രയേല്‍ അനാവശ്യമായി പ്രകോപനം സൃഷ്‌ടിക്കുകയാണ് എന്ന് യുഎന്‍ സെക്രട്ടറി ജനറലുമായി നടത്തിയ സംഭാഷണത്തില്‍ ലബനോനിലെ അബ്‌ദുല്ലാ രണ്ടാമന്‍ രാജാവ് അറിയിച്ചു.

Kerala News: പാർട്ടി തീരുമാനം അംഗീകരിക്കുന്നു; കെകെ ശൈലജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE