സ്വന്തം ബ്രാൻഡ് അരിയുമായി ‘പറപ്പൂർ ഐയു സ്‌കൂൾ’ വിപണിയിലേക്ക്!

സ്‌കൂൾ നടത്തിയ കൃഷിയിൽ നിന്ന് ലഭിച്ച 10,024 കിലോ നെല്ലിൽ നിന്നുള്ള അരിയും അപ്പം പൊടിയും ഉൾപ്പടെയുള്ള ഉൽപ്പന്നങ്ങളുമായാണ് 'ഐയു സ്‌കൂൾ' വിപണിയിൽ പ്രവേശിക്കുന്നത്. ഈ മാതൃകാപരമായ ചുവട് വെയ്‌പ്പ് സംസ്‌ഥാനത്ത്‌ പുതിയ രീതികൾക്ക് തുടക്കം കുറിയ്‌ക്കും.

By Malabar Bureau, Malabar News
IUHSS Parappur Brand Products
Ajwa Travels

മലപ്പുറം: കോട്ടയ്‌ക്കൽ പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്‌കൂൾ ‘സ്വന്തം ബ്രാൻഡ്’ ഉൽപന്നങ്ങളുമായി വിപണിയിലേക്ക്. ഐയു ഹാപ്പി റൈസ്, ഐയു ഹാപ്പി അവിൽ, ഐയു ഹാപ്പി അപ്പം പൊടി, ഐയു ഹാപ്പി പുട്ടുപൊടി എന്നീ പേരുകളിൽ സ്വന്തം ബ്രാൻഡിൽ ഇറക്കുന്ന ഉൽപന്നങ്ങളുമായാണ് സംസ്‌ഥാനത്ത്‌ ഒരു സ്‌കൂൾ ആദ്യമായി വിപണിയിൽ എത്താൻ ഒരുങ്ങുന്നത്.

നിലമൊരുക്കൽ, വിത്തിടൽ, ഞാറ് പറിക്കൽ, ഞാറുനടൽ, കളപറിക്കൽ തുടങ്ങി നെൽക്കൃഷിയുടെ മുഴുവൻ കാര്യങ്ങളും സ്‌കൂളിന്റെ നേതൃത്വത്തിൽ ചെയ്യുകയും അതിൽ നിന്ന് ലഭ്ച്ച നെല്ല് ഉപയോഗിച്ച് ഉണ്ടാക്കിയ ഉൽപ്പന്നങ്ങളുമാണ് വിപണിയിൽ എത്തിക്കുന്നത്. നാലര ഏക്കർ സ്‌ഥലത്ത് ‘ഞാറും ചോറും’ എന്ന പേരിലാണ് ജൈവകൃഷി ചെയ്‌തത്.

IUHSS Parappur Brand Products _ Packing
ഉൽപ്പന്നങ്ങൾ പാക്കറ്റിലാക്കുന്ന ടിപി മുഹമ്മദ് കുട്ടി മാസ്‌റ്ററും ഷാഹുൽ ഹമീദ് മാസ്‌റ്ററും വിദ്യാർഥികളും.

കുട്ടികൾക്ക് ‘കൃഷി മുതൽ എഐ വരെ’യുള്ള സകല മേഖലകളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂളിന്റെ നേതൃത്വത്തിൽ പരിസര പ്രദേശത്തെ ആട്ടീരിപാടത്ത് ജൈവകൃഷി ഇറക്കിയത്. ഇതിന്റെ വിളവെടുപ്പിന് ശേഷമിപ്പോൾ സ്‌കൂളിലെ കാർഷിക ക്ളബ്ബിന്റെ അടുത്ത സംരംഭമായി സൂര്യകാന്തി, പച്ചക്കറി കൃഷികളും ആരംഭിച്ചിട്ടുണ്ട്.

‘കേരളാസ് ബെസ്‌റ്റ്‌ ആൻഡ് ഹാപ്പിയസ്‌റ്റ് എജ്യുക്കേഷനൽ സൂപ്പർ മാർക്കറ്റ്’ എന്ന പേരിൽ കേരളത്തിലെ മികച്ചതും കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സന്തോഷം വർധിപ്പിക്കുന്നതുമായ സ്‌കൂൾ എന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. നെൽക്കൃഷിയുടെ മുഴുവൻ പാഠങ്ങളും കുട്ടികൾക്ക് പകർന്നു നൽകി‌യാണ് കൃഷി ഇറക്കിയത്.

IUHSS Parappur Brand Products _ Mammu A - Headmaster
മമ്മു.എ (ഹെഡ്‌മാസ്‌റ്റർ)

പൊൻമണി നെൽവിത്താണ് വിതച്ചത്. ചെറുവയൽ രാമന്റെ സാന്നിധ്യത്തിലാണു നെല്ല് വിളവെടുത്തത്. പിടിഎ പ്രസിഡണ്ട് സിടി സലിം, വീരഭദ്രൻ, താഹിറ ഉൾപ്പടെയുള്ള അനേകം പേരുടെ പിന്തുണയിലാണ് ഈ അനുകരണീയ മാതൃക സൃഷ്‌ടിക്കാൻ സാധിച്ചത്. 10,024 കിലോ നെല്ലു ലഭിച്ചു. ഇതിൽ 6,024 കിലോ നെല്ല് ഉപയോഗിച്ച് അരിയും (പകുതി 100% തവിടോട് കൂടിയതും ബാക്കി പകുതി 50% തവിടോട് കൂടിയതും), 2,000 കിലോ നെല്ല് ഉപയോഗിച്ച് അവിലും 1,000 കിലോ നെല്ല് വീതം ഉപയോഗിച്ച് അപ്പപ്പൊടിയും പുട്ടുപൊടിയും ത‌യാറാക്കി.

IUHSS Parappur Brand Products _ VR Vinod IAS _ Ramesh Kumar DDE‘ഐയു ഹാപ്പി റൈസ്, ഐയു ഹാപ്പി അവിൽ, ഐയു ഹാപ്പി അപ്പം പൊടി, ഐയു ഹാപ്പി പുട്ടുപൊടി എന്നീ പേരുകളിലാണ് ഇവ വിപണനം ചെയ്യാൻ ഉദ്ദേശിക്കുന്നത്’ -പ്രധാനാധ്യാപകൻ എ മമ്മു, മാനേജർ ടി മൊയ്‌തീൻകുട്ടി എന്നിവർ പറഞ്ഞു. വിപണനോൽഘാടനം നാളെ ഉച്ചയ്‌ക്ക് ഒന്നിന് കളക്‌ടർ വിആർ വിനോദ് നിർവഹിക്കും. ഡിഡിഇ രമേഷ് കുമാർ മുഖ്യാതിഥിയാകും.

കോഴിക്കോട് ആർഡിഒയും സ്‌കൂൾ പൂർവ വിദ്യാർഥിയുമായ പി അൻവർ സാദത്ത്, പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംജദാ ജാസ്‌മിൻ, പ്രിൻസിപ്പൽ ടി അബ്‌ദുൽ റഷീദ്, സ്‌കൂൾ മാനേജർ ടി മൊയ്‌തീൻകുട്ടി എന്ന കുഞ്ഞു, വാർഡ് മെമ്പർമാരായ സി കബീർ മാസ്‌റ്റർ, ടി സുലൈമാൻ, പൂർവ വിദ്യാർഥി സംഘം പ്രസിഡണ്ട് ഡോക്‌ടർ കബീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

MOST READ | തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

COMMENTS

  1. കേരളത്തിലെ എല്ലാ സ്‌കൂളുകളും മാതൃകയാക്കേണ്ട പദ്ധതി…. കുട്ടികൾ ഉത്തരവാദിത്തമുള്ള, ജീവ ബോധമുള്ള, പ്രകൃതി ബോധമുള്ള സമൂഹമായി വളരാൻ ഉപകരിക്കുന്ന മഹത്തായ പദ്ധതി.

  2. A good project to mold good citizens. This is a project that can be implemented all over India, not Kerala. There should also be central government financial-award support for the best models. The project should be brought to the attention of the PM Modi.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE